Your Image Description Your Image Description

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വേറെ എവിടൊക്കെയോ വെച്ച അവസ്ഥയിലാണ് തമിഴ് സൂപ്പർ താരം വിജയ്. സ്വന്തമായി പാർട്ടി രൂപീകരിച്ച വിജയ്, അടുത്ത തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാനായി വിജയ് അടുത്തിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു . വിരുന്നിൽ തൊപ്പി ധരിച്ച് വിജയ് ഇസ്ലാം ചടങ്ങുകളും, പ്രാർത്ഥനകളും നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ മുസ്ലീങ്ങളുടെ പിന്തുണ നേടാനുള്ള ഈ ശ്രമം ഇപ്പോൾ വിജയ്‌ക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ് . തങ്ങളുടെ മതത്തെ വിജയ് അവഹേളിച്ചതായി കാട്ടി മുസ്ലീങ്ങൾ തന്നെ അദ്ദേഹത്തിനെതിരെ പരാതി നൽകി. വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്താണ് വിജയ്‌ക്കെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിച്ചുവെന്ന് പരാതിയിൽ പരാമർശിക്കുന്നു. കൂടാതെ വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ മദ്യപന്മാരും റൗഡികളും പങ്കെടുത്തതായും പരാതിയിൽ പറയുന്നു. വ്രതമെടുക്കാത്തവരും റമദാനിനോട് ആദരവില്ലാത്തവരുമായ ആളുകളുടെ പങ്കാളിത്തം മുസ്ലീം സമൂഹത്തിന് അപമാനമാണ്. കൂടാതെ, ഇഫ്താർ വിരുന്നിന്റെ സംഘാടനവും അങ്ങേയറ്റം നിരുത്തരവാദപരമായിരുന്നു. വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറി, പശുക്കളെ പോലെ ആളുകളെ വലിച്ചിഴച്ചു കൊണ്ടുപോയി- എന്നും പരാതിയിൽ പറയുന്നു. തമിഴ്‌നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറർ സയ്യിദ് ഗൗസാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ് നടത്തിയ ഇഫ്താർ പരിപാടി അധിക്ഷേപകരവും മുസ്ലീം സമൂഹത്തിൻറെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ഗൗസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നോമ്പുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികൾ, “മദ്യപാനികളും റൗഡികളും” ഉൾപ്പെടെ, ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും, അത് ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നതാണെന്നും ഇയാൾ ആരോപിച്ചു. “വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ നോമ്പിന്റെയും ഇഫ്താറിന്റെയും മതപരമായ പ്രാധാന്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകളാണ് പങ്കെടുത്തത്. അവരുടെ പങ്കാളിത്തം മുസ്ലീങ്ങൾക്ക് അനാദരവും അരോചകവുമായിരുന്നു” ഗൗസ് ആരോപിച്ചു. പരിപാടിക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യുന്നതിൽ വിജയ് പരാജയപ്പെട്ടുവെന്നും ഇത് പങ്കെടുത്തവർക്ക് അസ്വസ്ഥത സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വിക്രവണ്ടിയിൽ ഒക്ടോബറിൽ നടന്ന വിജയ്‍യുടെ പാർട്ടിയുടെ ആദ്യ രാഷ്ട്രീയ റാലിയിലും സമാനമായ ഒരു സംഭവം നടന്നതായി ഗൗസ് ആരോപിച്ചു. മോശം ആസൂത്രണം കാരണം പങ്കെടുത്തവരിൽ പലർക്കും കുടിവെള്ളം ലഭിച്ചില്ലെന്നും ചിലർ നിർജ്ജലീകരണം മൂലം ബോധരഹിതരായിപ്പോയെന്നും അദ്ദേഹം ആരോപിച്ചു. ഇഫ്താർ പരിപാടിയിൽ നടന്നതായി ആരോപിക്കപ്പെടുന്ന മോശം പെരുമാറ്റത്തിൽ നടന് യാതൊരു പശ്ചാത്താപവുമില്ലെന്നാണ് തോന്നുന്നതെന്നും ഇദ്ദേഹം വിമർശിച്ചു. മതപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിലെ വിജയിന്റെ ആത്മാർത്ഥതയെ അദ്ദേഹം ചോദ്യം ചെയ്തു, ഇസ്ലാമിക പാരമ്പര്യങ്ങളോടുള്ള യഥാർത്ഥ ബഹുമാനത്താൽ നയിക്കപ്പെടുന്നതിനേക്കാൾ രാഷ്ട്രീയ പ്രേരിതമാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ട്രഷറർ ആരോപിച്ചു. മുസ്ലീം സമൂഹത്തിന് ആഴത്തിലുള്ള മുറിവേൽപ്പിച്ച പ്രവൃത്തികൾ ചൂണ്ടിക്കാട്ടിയാണ് തങ്ങൾ നിയമനടപടിക്ക് ഇറങ്ങിയതെന്നും, അല്ലാതെ പബ്ലിസിറ്റിക്ക് അല്ലെന്നും സയ്യിദ് ഗൗസ് വ്യക്തമാക്കി. വിജയ്‍ക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *