Your Image Description Your Image Description

വേനൽ കൊടുക്കുകയാണ്, ഒപ്പം ചർമ്മ രോഗങ്ങളും കൂടി വരുകയാണ്. ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. സൂര്യ താപമുൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് സണ്‍സ്‌ക്രീന്‍ ഒരുപരിധി വരെ സഹായിക്കുന്നുണ്ട്. സണ്‍സ്‌ക്രീനിന് പകരം ഉപയോഗപ്രദമല്ലാത്ത മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ, ‘കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍’ ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട് എന്നതാണ് കൗതുകകരം. സംഗതി ഉള്ളത് തന്നെയാണ്. ഇതിനെക്കുറിച്ച് വിദഗ്ധർ പറയുന്നത് ഇങ്ങനെ. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മടിയുള്ളവര്‍ക്ക് അല്ലെങ്കില്‍ ശരിയായി ഉപയോഗിക്കാത്തവര്‍ക്കുള്ള പരിഹാരമാകുമോ ഇവയെന്ന ചോദ്യത്തിന് അല്ലെന്ന് തന്നെയാണ് ചര്‍മ്മരോഗവിദഗ്ധര്‍ നല്‍കുന്ന മറുപടി.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍ ഏറെ നാളായി വിപണിയിലുണ്ട്. ഇപ്പോള്‍ ഇതേ പേരില്‍ തന്നെ വ്യത്യസ്ത ചേരുവകളുമായി ഇന്ത്യന്‍ വിപണിയില്‍ എത്തുകയാണ് ഡ്രിങ്കബിള്‍ സണ്‍സ്‌ക്രീന്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെങ്കിലും നിങ്ങളുടെ ശരീരത്തിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കാന്‍ ഇവയ്ക്കാകില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പേര് കെട്ട് ഇത് സണ്‍സ്‌ക്രീനിന് പകരം ഉപയോഗിക്കാവുന്ന കുടിക്കാവുന്ന ഒന്നാണെന്ന് കരുതിയെങ്കില്‍ തെറ്റി.

ആന്തരികമായി മാത്രം സൂര്യതാപത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഒരു ഓറല്‍ സപ്ലിമെന്റാണ് ഡ്രിങ്കബിള്‍ സണ്‍സ്‌ക്രീനെന്ന് കായ ലിമിറ്റഡിലെ മെഡിക്കല്‍ അഡ്‌വൈസറും ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. വിനീത ഷെട്ടി പറഞ്ഞു. ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍, ചര്‍മ്മത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു.

സാധാരണ സണ്‍സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇവയ്ക്കാകില്ലെന്ന് മുംബൈയിലെ പ്രശസ്ത ഡെര്‍മറ്റോളജിസ്റ്റ് ഡോ.നികേത ഇന്ത്യ ടുഡേയോട് പറഞ്ഞു. എന്നാല്‍ യുവി രശ്മികള്‍ മൂലം ശരീരത്തിനേല്‍ക്കാവുന്ന പരിക്കിന്റെ ആഘാതം കുറയ്ക്കാന്‍ ഇവയ്ക്കായേക്കും. ശരീരത്തില്‍ സെല്ലുലാര്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് യുവി റേഡിയേഷനെതിരെയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാകുമെന്നും ഡോക്ടര്‍ പ്രതികരിച്ചു. ഡ്രിങ്കബിള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗപ്രദമാണോ എന്ന ചോദ്യത്തിന്, ഇവ ഒരു പരിധിവരെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുമെങ്കിലും, സാധാരണ സണ്‍സ്‌ക്രീനിന് പകരമാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *