Your Image Description Your Image Description

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങൾ വേണ്ടത്ര ഉറങ്ങുന്നില്ലെന്നാണ് പുതിയ പഠനം. ശുചിമുറിയുടെ ഉപയോഗം മുതല്‍ മൊബൈല്‍ ഉപയോഗം വരെയുള്ള വിഷയങ്ങള്‍ മൂലം 59 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് ആറ് മണിക്കൂറില്‍ താഴെ തടസപ്പെടാത്ത ഉറക്കം മാത്രമാണ് ലഭിക്കുന്നത്. ഇടയ്ക്കിടെ രാത്രയിൽ എഴുന്നേൽക്കുന്നവരും, മൊബൈൽ ഫോൺ നോക്കി മണിക്കൂറുകളോളം കിടക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. കൂടാതെ ശുചിമുറി ഉപയോഗത്തിനായി തുടര്‍ച്ചയായി ഏഴുന്നേല്‍ക്കേണ്ടിവരുന്നവര്‍, രാത്രി വൈകിയും, പുലര്‍ച്ചെയും ജോലി ചെയ്യേണ്ടിവരുന്നവര്‍ തുടങ്ങി ശബ്ദ ശല്യവും കൊതുക് ശല്യം വരെ ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നു എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമും സിറ്റിസണ്‍ പള്‍സ് അഗ്രഗേറ്ററുമായ ലോക്കല്‍ സര്‍ക്കിള്‍സ് ആണ് സര്‍വേ സംഘടിപ്പിച്ചത്.

ഇന്ത്യയിലെ 348 ജില്ലകളിലായി നാല്‍പതിനായിരത്തോളം പേരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരമുള്ള കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സര്‍വേയൊട് പ്രതികരിച്ചവരില്‍ 39 ശതമാനം സ്ത്രീകളും 61 ശതമാനം പുരുഷന്‍മാരുമാണ്. 39 ശതമാനം പേര്‍ക്ക് മാത്രമാണ് ആറ് മുതല്‍ എട്ട് മണിക്കൂര്‍ മതിയായ ഉറക്കം ലഭിക്കുന്നത്. നാല് മുതല്‍ ആറ് മണിക്കൂര്‍ ഉറക്കം കൊണ്ട് തൃപ്തിപ്പെടുന്നവരാണ് മറ്റൊരു 39 ശതമാനം പേര്‍.

എന്നാല്‍ 20 ശതമാനം പേര്‍ക്ക് നാല് മണിക്കൂര്‍ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. എട്ട് മുതല്‍ പത്ത് ശതമാനം വരെ ഉറക്കം ലഭിക്കുന്നവര്‍ വെറും രണ്ട് ശതമാനമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ 72 ശതമാനം പേര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നത് ശുചി മുറി ഉപയോഗം മൂലമാണ്. ഉറക്കത്തിനിടെ ഒന്നോ രണ്ടോ തവണ ശുചിമുറി ഉപയോഗിക്കേണ്ടിവരുന്നതിനാല്‍ ഇവര്‍ക്ക് മതിയായ ഉറക്കം ലഭ്യമാകുന്നില്ല. 25 ശതമാനത്തിന് രാത്രി വൈകിയും പകല്‍ നേരത്തെയും ഉള്ള ജോലി സമയം ആണ് പ്രശ്‌നമാകുന്നത്.

22 ശതമാനം പേരുടെ പ്രശ്‌നം കൊതുത് കടിയും പുറത്തുനിന്നുള്ള ശബ്ദവുമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കുട്ടികളോ പങ്കാളികളോ ഉണ്ടാക്കുന്ന തടസ്സങ്ങള്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് 9 ശതമാനം പേര്‍ പറഞ്ഞത്. ഉറക്ക തകരാറായ സ്ലീപ് അപ്നിയ പോലുള്ള ഒരു മെഡിക്കല്‍ പ്രശ്‌നങ്ങളാണ് ആറു ശതമാനത്തിന് വെല്ലുവിളിയാകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗവും ചെറുതല്ലാതെ ഇന്ത്യക്കാരുടെ ഉറക്കം കവരുന്നുണ്ട്. ആറ് ശതമാനം പേരാണ് ഉറക്കുറവിന് ഫോണ്‍ കോളുകളും മെസേജുകളും കാരണമാകുന്നു എന്ന് വെളിപ്പെടുത്തിയത്.

സര്‍വേയോട് പ്രതികരിച്ച ആളുകളില്‍ വലിയൊരു വിഭാഗം വാരാന്ത്യങ്ങള്‍ ഉറക്കക്ഷീണം മറികടക്കാന്‍ ശ്രമിക്കുന്നതാണ്. 23 ശതമാനവും വാരാന്ത്യങ്ങളില്‍ കൂടുതല്‍ ഉറങ്ങൂന്നവരാണ്. ഞായറാഴ് ഉച്ചയ്ക്ക് ശേഷം ഉറക്കത്തിനായി മാറ്റിവയ്ക്കുന്നരാണ് 36 ശതമാനം. അവധി ദിവസങ്ങളില്‍ ഉറക്കം ആഘോഷമാക്കുന്നവര്‍ 13 ശതമാനം പേരും സര്‍വേയോട് പ്രതികരിച്ചു. എന്നിരുന്നാലും, വാരാന്ത്യങ്ങളില്‍ പോലും ഉറക്കക്കുറവ് നികത്താന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

ഉറക്കക്കുറവ് ഭാവിയില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിലയും ഇന്ത്യക്കാര്‍ക്കിടയിലുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരുടെ ഉറക്കക്കുറവ് ആഗോള തലത്തില്‍ തന്നെ ഉയര്‍ന്നതാണ്. ഉറക്കം നഷ്ടപ്പെടുന്നതിലൂടെ രക്താതിമര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, ദഹന തടസ്സം, വൈജ്ഞാനിക തകര്‍ച്ച എന്നിവയ്ക്കും കാരണമാകുന്നു എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. അതിനാൽ 7-9 വരെ നന്നായി ഉറങ്ങണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *