Your Image Description Your Image Description

കണ്ണൂർ : കല്യാശ്ശേരിയെ സമ്പൂർണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘നാട്ടുപച്ച’ പദ്ധതിക്ക് തുടക്കമായി. ഇരിണാവ് അനാം കൊവ്വലിൽ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ നിർവഹിച്ചു.

ഓരോ വാർഡുകളും മാതൃകാ വാർഡുകളാവുമ്പോഴാണ് ശുചിത്വ മേഖലയിൽ കേരളം കൂടുതൽ മുന്നേറുകയെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ അദ്ധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയിൽ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. നാട്ടുപച്ച പദ്ധതിയുടെ ലോഗോ പ്രകാശനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല നിർവഹിച്ചു.

കല്ലാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്ത ഒരു വാർഡ് മാതൃകാ ശുചിത്വ വാർഡാക്കി മാറ്റുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചെറുകുന്ന് പഞ്ചായത്തിലെ കവിണിശ്ശേരി, ചെറുതാഴം പഞ്ചായത്തിലെ കൊവ്വൽ, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ചെമ്മരവയൽ, കല്യാശ്ശേരി പഞ്ചായത്തിലെ പയ്യട്ടം, മാടായി പഞ്ചായത്തിലെ വെങ്ങര, മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ സൗത്ത്, ഏഴോം ഗ്രാമപഞ്ചായത്തിലെ നരിക്കോട്, ആറാം പഞ്ചായത്തിലെ മാലോട്ട് സൗത്ത് എന്നീ വാർഡുകളെയാണ് മാതൃകാ ശുചിത്വ വാർഡുകളാക്കുന്നതിനായി തെരഞ്ഞെടുത്തത്.

തെരഞ്ഞെടുത്ത വാർഡുകളിൽ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടുകൂടി ശുചിത്വ പ്രവർത്തനങ്ങൾ നടപ്പിലാക്കും.പദ്ധതിയുടെ ആദ്യഘട്ടത്തിൽ വാർഡുകളിൽ ബോട്ടിൽ ബൂത്തുകളും ഐ ഇ സി ബോർഡുകളും സ്ഥാപിച്ചു. വാർഡുകളിലെ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് ശുചിത്വ ബോധവൽക്കരണവും ചർച്ചകളും സംഘടിപ്പിക്കും.

ശുചിത്വ രംഗത്ത് വാർഡുകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുകയും ജീവിതശൈലി രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനുള്ള ഇടപെടൽ നടത്തുകയും ചെയ്യും. വിവിധ ഇടങ്ങളിൽ സിസിടിവി ക്യാമറകൾ ഏർപ്പെടുത്തുകയും മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്യും. ബ്ലോക്കിൽ ഇതിനോടകം 70,000 പച്ചക്കറി തൈകൾ വിതരണം ചെയ്തു.

സ്കൂളുകളും അംഗൻവാടികളും കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുക, ശുചിത്വ പ്രവർത്തനങ്ങളിൽ മികവുപുലർത്തുന്ന കുട്ടികൾക്ക് ആദരവ് നൽകി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ‘നാട്ടുപച്ച’ പദ്ധതിയുടെ ഭാഗമാണ്.

വാർഡുകളിലെ പ്രധാനകേന്ദ്രങ്ങളിൽ മാലിന്യ നിക്ഷേപം തടയുന്നതിനുള്ള പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി ഹരിത പാതയോരം, എല്ലാ വീടുകളിലും ഉറവിട സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ, സ്ഥിരം ജാഗ്രത സമിതികൾ, ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കൽ, രോഗപ്രതിരോധ ബോധവൽക്കരണം, പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണവും നവീകരണവും എന്നിവ നടപ്പാക്കും.

100 ശതമാനം യൂസർഫീസ് സാധ്യമാക്കൽ, മാലിന്യ സംസ്കരണ രംഗം തൊഴിൽ മേഖലയാക്കുക തുടങ്ങിയവയും ‘നാട്ടുപച്ച’ പദ്ധതിയിലൂടെ നടപ്പിലാക്കും. 10,74500 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ, മെമ്പർ കെ സിജു, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി ഗോവിന്ദൻ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിഷ, ടി ചന്ദ്രൻ, എം ബാലകൃഷ്ണൻ ഇരിണാവ്, സംഘാടകസമിതി ചെയർമാൻ കെ സുധാകരൻ എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *