Your Image Description Your Image Description

കോണ്‍ഗ്രസില്‍ ഏതെങ്കിലും ഒരു നേതാവിന് അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ നെഹ്റു കുടുംബത്തോട് വിധേയത്വം ഉണ്ടാവണം. ഇതിന് തയ്യാറാവാത്ത ഒരാള്‍ക്കും ആ പാര്‍ട്ടിയില്‍ നിന്നുപിഴയ്‌ക്കാനാവില്ല. കെ.സി. വേണുഗോപാലിനെ പോലുള്ള വിധേയന്മാര്‍ വിഹരിക്കുന്ന സോണിയാ കോണ്‍ഗ്രസില്‍ അന്തസ്സും അഭിമാനവും ഉള്ളവര്‍ക്ക് മാന്യമായി പ്രവര്‍ത്തിക്കാനാവില്ല. ഇതാണ് ശശി തരൂര്‍ നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഹരിയാനയിലും മഹാരാഷ്‌ട്രയിലും ദല്‍ഹിയിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയങ്ങള്‍ നെഹ്റു കുടുംബത്തെ, പ്രത്യേകിച്ച് പിന്‍മുറക്കാരനായ രാഹുലിനെ വല്ലാതെ ഒറ്റപ്പെടുത്തിയിരുന്നു. പരാജയത്തിന്റെ പ്രതിരൂപമായാണ് പാര്‍ട്ടി നേതാക്കള്‍ പോലും ഈ നേതാവിനെ കാണുന്നത്. എന്നിട്ടും രാഹുലിന്റെ മഹത്വം ഘോഷിക്കുന്നവരാണ് പാര്‍ട്ടി നേതാക്കളില്‍ അധികവും. ഈ വിടുപണിക്ക് നിന്നു കൊടുക്കാത്തതാണ് തരൂര്‍ ചെയ്ത അപരാധം. ശശി തരൂരിനെ ലോക്സഭാ പ്രതിപക്ഷ നേതാവാക്കണമെന്ന് പല കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. വിഷയങ്ങള്‍ അവതരിപ്പിക്കാനും സര്‍ക്കാരുമായി നല്ല രീതിയില്‍ സഹകരിക്കാനുമുള്ള കഴിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം. പക്ഷേ നെഹ്റു കുടുംബത്തിന് ഇത് സ്വീകാര്യമല്ല. ഇതുകൊണ്ടാണ് വര്‍ഷങ്ങളോളം കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നിട്ടും തരൂരിനു നേര്‍ക്ക് നെഹ്റു കുടുംബം ദുര്‍മുഖം കാണിക്കുന്നത്. അവസാനം പാര്‍ട്ടി പുനഃസംഘടന നടന്നപ്പോഴും തരൂര്‍ അവഗണിക്കപ്പെട്ടു. രാഹുലിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെയാണ് നേതൃനിരയില്‍ പുതുതായി പ്രതിഷ്ഠിച്ചിട്ടുള്ളത്. തന്നെ ക്രൂരമായി അവഗണിച്ച നടപടിക്കെതിരെ തരൂര്‍ ശക്തമായി പ്രതികരിച്ചു. തനിക്ക് പോകാന്‍ മറ്റ് മേഖലകളുണ്ടെന്നും, എഴുത്തും പ്രഭാഷണങ്ങളുമായി കഴിയാന്‍ ഇഷ്ടപ്പെടുന്നുവെന്നും തരൂര്‍ പറഞ്ഞതിന്റെ താല്‍പര്യം പലര്‍ക്കും മനസ്സിലായിട്ടുണ്ട്. തരൂരിന്റെ വിമര്‍ശനം മയമുള്ളതാണെങ്കിലും അത് ചെന്നുകൊള്ളുന്നത് സോണിയ്‌ക്കും രാഹുലിനും നേര്‍ക്കാണ്. പ്രതിഷേധ പ്രസ്താവനകള്‍ക്കു ശേഷം തരൂരിനെ മയപ്പെടുത്താനും വശപ്പെടുത്താനും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയിട്ടില്ല. രാഹുലിനെ പോലെ യാതൊരു നിലവാരവുമില്ലാത്ത ഒരു നേതാവിന് കീഴടങ്ങാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് തരൂര്‍ സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.സോണിയയ്‌ക്കും രാഹുലിനും അസ്വീകാര്യന്‍ ആയിരിക്കുമ്പോള്‍ പോലും തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറന്തള്ളാന്‍ ഈ കുടുംബത്തിന് ഭയമാണ്. പല അപ്രിയ സത്യങ്ങളും വെളിപ്പെടുത്തിയേക്കും എന്നതാണ് ഇതിന് അടിസ്ഥാനം. അമേരിക്കയുടേയും മറ്റും സാമ്പത്തിക ഉപരോധകാലത്ത് ഇറാഖില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അഴിമതിയില്‍ സോണിയക്ക് പങ്കുണ്ടെന്ന് ഐക്യരാഷ്‌ട്രസഭയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സോണിയയെ രക്ഷപ്പെടുത്താന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന തരൂര്‍ തന്റെ സ്വാധീനം വിനിയോഗിച്ചതായാണ് പറയപ്പെടുന്നത്. ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന നോവലിലൂടെ നെഹ്റു കുടുംബത്തെ പ്രത്യേകിച്ച് സോണിയയെ നിശിതമായി പരിഹസിച്ചിട്ടുള്ള തരൂര്‍ കോണ്‍ഗ്രസിന് സ്വീകാര്യനായത് സോണിയയെ അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടുത്തിയതു കൊണ്ടാണെന്ന് പലരും കരുതുന്നു. കോണ്‍ഗ്രസിനു പുറത്തായാല്‍ തരൂര്‍ കാര്യങ്ങളെല്ലാം തുറന്നു പറയുമെന്ന ആശങ്ക സോണിയ കുടുംബത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *