Your Image Description Your Image Description

എട്ടുവർഷത്തിനുശേഷം വീണ്ടുമൊരു പൈശാചികമായ കൂട്ടക്കൊലയുടെ വാർത്ത കേട്ടാണ് തലസ്ഥാനം ഉണർന്നത് . ഇന്നലെ വെഞ്ഞാറമൂടാണ് ദാരുണ കൊലപാതകങ്ങൾ നടന്നതെങ്കിൽ അന്ന് കൊലപാതകങ്ങൾ നടന്നത് നഗരഹൃദയത്തിൽ നന്ദൻകോട്ടായിരുന്നു.

2017 ഏപ്രിൽ ഒമ്പതിന് കേഡൽ ജീൻസൺ രാജ എന്ന ചെറുപ്പക്കാരനാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. നന്ദൻകോട്ട് ക്ലിഫ് ഹൗസിനു സമീപം ബെയിൽസ് കോമ്പൗണ്ടിൽ എം.ബി.ബി.എസ് ബിരുദധാരിയായ കേഡൽ ആസ്ട്രൽ പ്രൊജക്ഷന്റെ പേരിലായിരുന്നു കൊലപാതകങ്ങൾ നടത്തിയത്.

ഡോ.രാജ തങ്കം,ഭാര്യ ഡോ.ജീൻ പത്മ,മകൾ ഡോ.കരോലിൻ, ജീൻ പത്മയുടെ ബന്ധു ലളിത എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. വിദേശത്ത് മെഡിസിൻ പഠനം നടത്തുന്നതിനിടെയാണ് ആസ്ട്രൽ പ്രൊജക്ഷനിലേക്ക് കേഡൽ ആകൃഷ്ടനായത്. കേസ് വിചാരണയിലാണ്. വിചാരണഘട്ടത്തിൽ കേഡൽ കുറ്റം നിഷേധിച്ചിരുന്നു.

മനോരോഗിയായ തന്നെ വെറുതെ വിടണമെന്ന കേഡലിന്റെ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ നേരിടാൻ പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയിരുന്നു.
പൈശാചികമായ കൂട്ടക്കൊലയ്ക്ക് ശേഷവും പുഞ്ചിരിയോടെയാണ് കേഡൽ തെളിവെടുപ്പിനെത്തിയത്.

കേഡൽ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊലയെന്നുമാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്. ഇയാൾക്ക് മാനസികാരോഗ്യ ചികിത്സയും നൽകിയിരുന്നു. സെല്ലിലെ സഹതടവുകാരനെയും കേഡൽ ആക്രമിച്ചിരുന്നു. അടുത്തിടെ ശ്വാസകോശത്തിൽ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടു.

കോടികളുടെ സ്വത്തവകാശിയാണ് കേഡൽ. നന്ദൻകോട്ടെ ഇവരുടെ വീടിപ്പോൾ പ്രേതാലയം പോലെ അനാഥമാണ്. ഇന്നലെ കേരളത്തെ നടുക്കി അഞ്ച് പേരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലേക്കെത്തിയത് ഒരു കൂസലുമില്ലാതെയാണ് .

സ്റ്റേഷന് പുറത്തുണ്ടായിരുന്ന സുഹൃത്തിനോട് വളരെ സന്തോഷത്തോടെ സംസാരിച്ചാണ് അഫാൻ അകത്തേക്ക് കയറിപ്പോയത്. ഒരു ഒപ്പിടാൻ വേണ്ടി എത്തിയതെന്നാണ് അഫാൻ തന്നോട് പറഞ്ഞതെന്ന് സുഹൃത്ത് മുഹമ്മദ് ആലിഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആലിഫ് പറയുന്നത് കൊച്ചുനാൾ മുതൽ അഫാനെ അറിയാമെന്നാണ് . എന്നെ കണ്ടിട്ട് മച്ചാനെ എന്ന് വിളിച്ചാണ് ഓടിവന്നത്. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ ഒരു ഒപ്പിടാൻ വേണ്ടിയാണ് വന്നതെന്ന് പറഞ്ഞു. അകത്ത് ചെന്നതിന് ശേഷമാണ് അഞ്ച് പേരെ കൊന്നിട്ട് വന്നതാണെന്ന് പറഞ്ഞത്.

ഈ സമയത്ത് ആള് നല്ല കൂളായിരുന്നു. അവന്റെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നില്ല. ബൈക്കിന്റെ ചാവി കറക്കിക്കൊണ്ടാണ് സ്റ്റേഷനിലേക്ക് കയറിയത്. ആദ്യം എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇന്നലെ സംസാരിച്ചതന്നും ആലിഫ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് പാങ്ങോട് എലിച്ചുഴി പുത്തൻവീട്ടിലെത്തി ഉപ്പയുടെ ഉമ്മ സൽമാബീവിയെ കഴുത്തു ഞെരിച്ച് കൊന്നുകൊണ്ടാണ് അഫാൻ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കഴുത്തിലെ സ്വർണ്ണമാല ഊരി പണയംവച്ച് കിട്ടിയ പണം കൊണ്ടാണ് മറ്റുള്ളവരെ വകവരുത്താനുള്ള ചുറ്റികയും കത്തിയും വാങ്ങിയത്.

തുടർന്ന് പിതൃസഹോദരന്റെ വീട്ടിലെത്തി കൃത്യം നിറവേറ്റി. പിന്നീട് സ്വന്തം വീട്ടിലെത്തി കൊലപാതകങ്ങൾ നടത്തി.അപ്പോൾ സമയം ആറു മണിയോട് അടുത്തിരുന്നു. തുടർന്നാണ്‌പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്. അഫാന്റെ ഉപ്പ റഹിം ഗൾഫിൽ ബിസിനസ് നടത്തിയെങ്കിലും വായ്പ വാങ്ങി കടക്കെണിയിലായി. അതു തീർക്കാൻ നാട്ടിലെ ബന്ധുക്കൾ സഹായിച്ചില്ല. അതിന്റെ പകയിൽ ആരുംജീവിച്ചിരിക്കേണ്ടന്നു ചിന്തിച്ച് കൊലനടത്തിയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *