Your Image Description Your Image Description

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ”
അങ്ങനെ ഒടുവിൽ വില്ലാളി വീരനായിരുന്ന പിസി ജോർജും അഴിക്കുള്ളിലായി. മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിലാണ് അടച്ചിരിക്കുന്നത് ,എങ്കിലും ഫലത്തിൽ ബന്ധനം തന്നെയാണ്.

ഇതൊക്കെ ജോർജ് വിളിച്ചുവരുത്തിയ ഏടാകൂടങ്ങളാണന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല . ഒന്നിൽ കൂടുതൽ പ്രാവശ്യം കോടതികൾ ഉപദേശ രൂപേണ പലതും പറഞ്ഞു വിട്ടെങ്കിലും അതിനെല്ലാം പുല്ലുവില നൽകി .

ഇനി കോട്ടയം ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയാണ് അടുത്ത വഴി ,ഹൈക്കോടതി ഇത്ര കർശനമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരിക്കുന്ന ഒരു വിധിയെ മറികടന്ന് ജില്ലാ കോടതി ജാമ്യം കൊടുക്കുവാനുള്ള സാധ്യത വളരെ കുറവാണ്.

ജില്ലാ കോടതി ജാമ്യ അപേക്ഷ തള്ളിയാൽ പിന്നീട് വരുന്നത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ മുന്നിൽ തന്നെയാണ്. ജസ്റ്റിസ് കുഞ്ഞു കൃഷ്ണന്റെ ബെഞ്ചിൽ നിന്നും കേസ് മാറ്റുവാനുള്ള നീക്കം ജോർജുമായി അടുത്ത വൃത്തങ്ങൾ നടത്തുന്നുവെന്നാണറിയാൻ കഴിഞ്ഞത്.

മുൻപ് ഇതുപോലെയുള്ള കേസുകളുണ്ടായപ്പോൾ എല്ലാം ഹൈക്കോടതിയിലെ ഒരു മുൻ ന്യായാധിപനാണ് ജോർജിനു വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത്. അയാൾ മുഖേന ഇപ്പോഴത്തെ ജഡ്ജിയെ സ്വാധീനിക്കാൻ വിഫല ശ്രമം നടത്തിയെന്ന് ഹൈക്കോടതിയുടെ അകത്തളങ്ങളിൽ പറഞ്ഞു കേൾക്കുന്നു.

ഏതായാലും ജോർജ് പെട്ടെതു പെട്ടതു തന്നെ. എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നാലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ജോർജ് കാലാകാലങ്ങളിൽ പറഞ്ഞു കൊണ്ടിരിക്കുന്നത്. ജോർജുമായി ഏറ്റവും അടുത്ത സൗഹൃദം പങ്കിട്ടിരുന്ന ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഇയാളെ ഉൾപ്പെടുത്താതതിന്റെ വിരോധത്തിലാണ് ഒരു സ്ത്രീയുമായി അവിഹിതബന്ധം നടത്തുന്നത് കണ്ടു എന്ന് വിളിച്ചു പറഞ്ഞത്.

ഒരു കള്ളി മുണ്ടുടുത്തു കൊണ്ട് നിൽക്കുന്ന ഉമ്മൻചാണ്ടിയെ ഓഫീസിൽ വച്ച് കണ്ടുവെന്ന് വ്യാജമായി മൊഴി നൽകിയ ജോർജ് പിന്നീട് ഒരു ഉളുപ്പുമില്ലാതെ അത് തിരുത്തി പറയുകയും ചെയ്തു. താൻ നേരിട്ട് കണ്ടതല്ല എന്നും ആ സ്ത്രീ എന്നോട് പറഞ്ഞ വിഷമം കൊണ്ട് ഞാൻ പറഞ്ഞതാണന്നും അതിനൊരു അടിക്കുറിപ്പും നൽകി.

അങ്ങനെ രാഷ്ട്രീയ മാലിന്യമെന്ന പേര് പി സി സ്വയം തന്റെ പേരിനൊപ്പം എഴുതി ചേർത്തതാണ്. അതിനി തൂത്താലും തുടച്ചാലും മാഞ്ഞ് പോവില്ല. ഒടുവിൽ ഈ കേസുകളും പൊല്ലാപ്പുകളും എല്ലാം നിൽക്കുമ്പോഴാണ് പൊതുപ്രവർത്തകയായ നിഷ ജോസിനെതിരെ വൈകാരികമായ വിഷയങ്ങളെ ബന്ധപ്പെടുത്തി ആക്ഷേപിച്ചു പറഞ്ഞത്.

ഇതിനിടെ പുതിയ അഭ്യാസവുമായി ജോർജും മകനും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. അറസ്റ്റ് ചെയ്യാൻ വരുന്ന പോലീസിനെ തടയുവാൻ എന്ന രീതിയിൽ ബിജെപിക്കാരെ എല്ലാം വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിലും ബിജെപിയിലെ ചില പൊട്ടന്മാർ മാത്രമാണ് വക്കാലത്തുമായി ജോർജിന്റെ വീട്ടിലെത്തിയത്.

ബിജെപി അവരുടെ രാഷ്ട്രീയ ജീവിതത്തിൽ കാണിച്ച ഏറ്റവും വലിയ മണ്ടത്തരമായിട്ടാണ് അതിനെ വിലയിരുത്തുന്നത്. പാർട്ടി നിർദ്ദേശമനുസരിച്ച് ഏതെങ്കിലും ഒരു ചർച്ചയിൽ പറഞ്ഞ കാര്യങ്ങളാണെങ്കിൽ പാർട്ടിക്ക് കൂടെ നിൽക്കാൻ ബാധ്യതയുണ്ട്.

ഇത് ഏതോ ചാനൽ ചർച്ചയിൽ കയറിയിരുന്നു വിഡ്ഢിത്തരം പറഞ്ഞതിനും പാർട്ടി നയത്തിന് എതിരെ വിളിച്ചു പറഞ്ഞതിനും കോടതി കേസെടുത്തു നടപടി സ്വീകരിക്കുമ്പോൾ ബിജെപിക്കാരതിൽ ചെന്ന് പെട്ടത് എന്തിനാണന്ന ചോദ്യം നിലനിൽക്കുന്നു.

സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും സമ്മതം മൂളാതെ ജില്ലാ നേതൃത്വം നടത്തിയ ഈ പ്രവർത്തിക്ക് മറുപടി പറയേണ്ടി വരുമെന്നാണറിയുന്നത് . ഇതിനിടെ താനൊരു സംഭവമാണെന്ന് ബിജെപിയെ ബോധ്യപ്പെടുത്തുവാൻ വേണ്ടി ക്രിസ്ത്യൻ പുരോഹിതന്മാരെ ജയിൽ സന്ദർശിക്കുവാനെത്തിക്കാനുള്ള തറ വേലകൾ നടത്തുന്നു .

ജോർജ് ക്രിസ്ത്യാനിക്ക് വേണ്ടി രക്തസാക്ഷിയായതാണന്ന മട്ടിൽ പ്രചരണം നൽകിക്കൊണ്ട് കത്തോലിക്കാ മെത്രാന്മാരെ കളത്തിലിറക്കാൻ സാധിക്കുമോയെന്നാണ് ജോർജിന്റെയും മകന്റെയും നോട്ടം. അതിനുവേണ്ടി ചില താൽപരകക്ഷികളെ കളത്തിലിറക്കിയിട്ടുണ്ട് .

എന്നാൽ കത്തോലിക്കാ നേതൃത്വം അതിനു വഴങ്ങേണ്ടന്നൊരു നിലപാടാണ് എടുത്തിരിക്കുന്നത്. കത്തോലിക്കാ സഭ വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇതുപോലെ കോടതി അറിഞ്ഞു, ശിക്ഷിച്ചിരിക്കുന്ന ഒരാളെ കാണുവാൻ ജയിലിൽ ചെന്ന് കോടതിയുടെ വിരോധം സമ്പാദിക്കേണ്ടന്ന ഒരു കാഴ്ചപ്പാടാണ് സഭാ നേതൃത്വം മറ്റുള്ളവർക്ക് നൽകിയിരിക്കുന്ന ഉപദേശം .

പ്രത്യേകിച്ച് പാലാ കാഞ്ഞിരപ്പള്ളി മെത്രാൻമാർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന അഭിപ്രായവും മെത്രാന്മാരുടെ ഇടയിൽ ചർച്ചയാണ് . പണ്ട് ബിഷപ്പ് ഫ്രാങ്കോ ജയിലിലായിരുന്ന സമയത്ത് ജോർജ് സന്ദർശിക്കാൻ പോയിട്ടുണ്ടന്ന ന്യായം പറഞ്ഞതാണ് ജോർജിന്റെ അടുത്തേക്ക് മെത്രാന്മാരെയെത്തിക്കുവാൻ ശ്രമം നടത്തുന്നത്.

മെത്രാന്മാർ ജോർജിനെ സന്ദർശിക്കാൻ തുനിഞ്ഞിറങ്ങിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായപ്പെടുന്നവരുമുണ്ട്. മറ്റൊരു സമുദായത്തെ പറ്റി ജോർജ് പറഞ്ഞതിന്റെ മുഴുവൻ ഉത്തരവാദിത്വംവും ഈ മെത്രാന്മാരും ഏറ്റെടുക്കേണ്ടി വരും.

അതുകൊണ്ട് കത്തോലിക്കാസഭയിലെ മുഴുവൻ മെത്രാന്മാരും ജാഗ്രതയിലാണ് . ഏതായാലും ജയിലിലല്ലന്ന ആശ്വാസത്തിലാണ് ജോർജും കൂട്ടരും. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ എന്ന് ആശ്വസിച്ചിരിക്കുകയാണ് ജോർജിന്റെ ശത്രുക്കൾ.

Leave a Reply

Your email address will not be published. Required fields are marked *