Your Image Description Your Image Description

പ്രണയം, വിവാഹം, ഗർഭധാരണം തുടങ്ങിയവയൊക്കെ പലപ്പോഴും പല രീതിയിൽ മലയാളത്തിൽ സിനിമകള്‍ക്ക് വിഷയമായിട്ടുള്ളതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ രസകരമായി എന്നാൽ വിഷയത്തിന്‍റെ ഗൗരവം ഒരു തരിപോലും ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം.

ആക്ഷനില്ല, വയലൻസില്ല, ഡബിൾ മീനിംഗ് ഇല്ലേയില്ല, പൂർണ്ണമായും ഫാമിലിക്ക് വേണ്ടി അണിയിച്ചൊരുക്കിയ ചിത്രം എന്ന് നിസ്സംശയം പറയാം. മലയാളത്തിലെ ആദ്യ സ്റ്റോണർ സിനിമയായ ‘കിളിപോയി’ ഒരുക്കിയ സംവിധായകൻ പൂർണ്ണമായും ഫാമിലിക്ക് വേണ്ടി എടുത്ത സിനിമയാണ് ഇതെന്ന് പറയുമ്പോഴാണ് ചിത്രത്തിന് കൂടുതൽ ചാരുത വരുന്നത്. ‘കിളിപോയി’, ‘കോഹിന്നൂർ’ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.

ഒരു തരിപോലും ലാഗില്ലാതെ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട രീതിയിൽ ഏറെ പക്വമായി എന്നാൽ ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആൺതരിയിൽ നിന്ന് തുടങ്ങി അയാള്‍ ഒരു മെയിൽ ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളർച്ചയും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന ക്ലൈഡ് കിച്ചൻ നടത്തുന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. ടോട്ടൽ വയലൻസ് ചിത്രമായ ‘മാർക്കോ’യ്ക്ക് ശേഷം ചിരിക്കുന്ന മുഖവുമായി കളിചിരികളും കുസൃതി തരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തിൽ. വൈകാരികമായ അഭിനയ മുഹൂർത്തങ്ങളിലും ഏറെ മികച്ച രീതിയിൽ ഉണ്ണിയും നിഖിലയും സ്കോർ ചെയ്തിട്ടുണ്ട്.

അതോടൊപ്പം തന്നെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. ഓരോ കുടുംബങ്ങൾക്കും നെഞ്ചോടുചേർക്കാനുള്ള ഒട്ടേറെ മുഹൂർത്തങ്ങള്‍ ചിത്രത്തിലുണ്ട്. വൈകാരിക മുഹൂർത്തങ്ങളും നർമ്മ രംഗങ്ങളുമൊക്കെയായി കുടുംബ പ്രേക്ഷകരുടെ മനം കവരാനുള്ള എല്ലാ ചേരുവകളുമായി സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

കളർഫുള്‍ ദൃശ്യങ്ങളാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അത് പ്രേക്ഷകർക്ക് ഫ്രഷ് ഫീൽ തന്നെ നൽകുന്നുണ്ട്. അലക്സ് ജെ പുളിക്കലിന്‍റെ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക് യോജിച്ചതാണ്. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചതാണ്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *