Your Image Description Your Image Description

ശിവപുണ്യം നിറയുന്ന ശിവാലയ ഓട്ടത്തിന്റെ മഹത്വവും ചരിത്രവും ശിവവിഷ്ണുഭക്തർക്ക് ഭക്തി മുക്തിപ്രദായകമാണ്. കന്യാകുമാരിജില്ലയിലെ പ്രശസ്തമായ പന്ത്രണ്ട് ശിവാലയങ്ങളെ ബന്ധിക്കുന്ന ശിവരാത്രി ആചാരമാണ് ശിവാലയ ഓട്ടം എന്ന ചടങ്ങ്. ഏകദേശം നൂറുകിലോമീറ്റർ ചുറ്റളവിലായിട്ടാണ് ഈ പന്ത്രണ്ട് ശിവക്ഷേത്രങ്ങൾ നിലകൊള്ളുന്നത്. ശിവാലയ ഓട്ടം നടത്തുന്നവരെ ഗോവിന്ദന്‍മാര്‍ എന്നാണ് വിളിക്കുന്നത്.

 

ഐതിഹ്യം….

ധർമ്മപുത്രരുടെ രാജസൂയയാഗവുമായി ബന്ധപ്പെടുത്തിയാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം വിവരിക്കപ്പെടുന്നത്. ധര്‍മ്മപുത്രന്‍ നടത്തിയ യാഗത്തില്‍ വ്യാഘ്രപാദമുനിയെ ക്ഷണിക്കാൻ ഭീമസേനന്‍ പോയി. എന്നാല്‍ ശിവഭക്തനായ വ്യാഘ്രപാദന്‍ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടി ഓടിച്ചു. ശ്രീകൃഷ്ണന്‍ നല്‍കിയ 12 രുദ്രാക്ഷങ്ങളുമായി ഭീമന്‍ വീണ്ടും തിരുമലയില്‍ തപസനുഷ്ഠിക്കുന്ന വ്യാഘ്രപാദ മുനിയെ കാണാനെത്തി. തപസ്സിൽ വിഘ്നം വന്നതിൽ കോപിച്ച് ചാടിയെഴുന്നേറ്റ മുനിയെക്കണ്ട് പേടിച്ച്, ”ഗോവിന്ദാ… ഗോപാലാ…” എന്നു വിളിച്ചുകൊണ്ട് ഭീമന്‍ ഓടാൻ തുടങ്ങി.

മുനി സമീപമെത്തുമ്പോള്‍ ഭീമന്‍ തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു രുദ്രാക്ഷം അവിടെ നിക്ഷേപിക്കും. അവിടെയൊക്കെ ഓരോ ശിവലിംഗം ഉയര്‍ന്നുവരികയും ചെയ്തു. ശിവലിംഗത്തിനു മുനി പൂജ തുടങ്ങുമ്പോള്‍ ഭീമന്‍ യാഗസ്ഥലത്ത് എത്തിക്കാന്‍ ശ്രമിക്കും. അവസാനം 12-മത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദര്‍ശനം നല്‍കി. ഇതോടെ ശിവനും വിഷ്ണുവും ഒന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. തുടർന്ന് മുനി ധര്‍മ്മപുത്രന്റെ യാഗത്തിനെത്തി. ഭീമന്‍ രുദ്രാക്ഷം നിക്ഷേപിച്ചതിനെ തുടര്‍ന്ന് രൂപം കൊണ്ട 12 ശിവക്ഷേത്രങ്ങളിലാണ് ശിവരാത്രിയോടനുബന്ധിച്ച് ശിവാലയ ഓട്ടം നടക്കുന്നത്.

വ്രതാനുഷ്ഠാനം…

തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊൻമന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം എന്നിവയാണ് രുദ്രാക്ഷമണികളിൽനിന്ന് ഉയർന്ന ശിവാലയങ്ങൾ. ശിവരാത്രിനാൾ സന്ധ്യയ്ക്ക് മുഞ്ചിറയാറ്റിൽ കുളിച്ച് തിരുമലക്ഷേത്രത്തിൽ ദീപാരാധനതൊഴുതശേഷം ഭക്തജനങ്ങൾ ശിവാലയഓട്ടം ആരംഭിക്കും.

ഓട്ടം തുടങ്ങുന്നതുമുതൽ അവസാനിക്കുന്നതുവരെ, ഗോവിന്ദ, ഗോപാല എന്ന മന്ത്രം ഭക്തരുടെ കണ്ഠത്തിൽ നിന്നും മുഴങ്ങി കേട്ടുകൊണ്ടേയിരിക്കും. കുംഭമാസത്തിലെ ഏകാദശിക്കും ഒരാഴ്ചമുമ്പ് ശിവാലയ ഓട്ടത്തിനായി ഭക്തർ വ്രതം ആരംഭിക്കും. മത്സ്യമാംസാദികൾ വർജ്ജിച്ച് കഴുത്തിൽ മാലയിട്ടാണ് വ്രതം ആചരിക്കുന്നത്. ഈ വ്രതകാലയളവിൽ പാചകം ചെയ്ത ആഹാരംപോലും വ്രതം നോക്കുന്നവർ കഴിക്കാറില്ല. കരിക്ക്, പഴം എന്നിവയാണ് പ്രധാന ആഹാരം.

Leave a Reply

Your email address will not be published. Required fields are marked *