Your Image Description Your Image Description

ഇന്ത്യയില്‍ 2019 ജൂണിലാണ് എം.ജി. മോട്ടോഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഹെക്ടര്‍ എന്ന ആദ്യ വാഹനം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് എം.ജിക്ക് വിപണിയില്‍ നല്ലതുപോലെ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, സെപ്റ്റംബര്‍ മാസത്തില്‍ എം.ജിയുടെ തലവര മാറ്റിയാണ് വിന്‍ഡ്‌സര്‍ എന്ന ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തുന്നത്. വില്‍പ്പനയില്‍ പുതിയ റെക്കോർഡാണ് ഈ വാഹനം എം.ജിക്ക് നല്‍കിയിരിക്കുന്നത്. നിര്‍മാതാക്കള്‍ പുറത്തുവിട്ട വിവരം അനുസരിച്ച് ഏകദേശം 200 ബുക്കിങ്ങുകളാണ് വിന്‍ഡ്‌സര്‍ ഇ.വിക്ക് പ്രതിദിനം ലഭിക്കുന്നത്.

ഈ വാഹനത്തിന്റെ 15,000-ത്തോളം യൂണിറ്റിന്റെ വില്‍പ്പന ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. അവതരിപ്പിച്ചതിന് പിന്നാലെ സെപ്റ്റംബര്‍ മാസത്തില്‍ തന്നെ വിന്‍ഡ്‌സര്‍ ഇ.വിയുടെ 502 യൂണിറ്റാണ് വിറ്റഴിച്ചത്. ജനുവരി വരെയുള്ള കണക്ക് അനുസരിച്ച് 14,000 വിന്‍ഡ്‌സര്‍ ഇ.വിയാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ നാലുമാസമായി ടാറ്റയുടെ നെക്‌സോണ്‍ ഇ.വിയും പഞ്ച് ഇ.വിയും ചേര്‍ന്നുള്ള വില്‍പ്പനയെക്കാള്‍ മുകളിലാണ് വിന്‍ഡ്‌സര്‍ ഇ.വിക്ക് മാത്രം ലഭിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

2024 സെപ്റ്റംബര്‍ മാസത്തിലാണ് എം.ജി. വിന്‍ഡ്‌സര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എക്സൈറ്റ്, എക്സ്‌ക്ലുസീവ്, എസന്‍സ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് സി.എസ്.യു.വിക്ക് ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയിൽ 9.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം, ബാറ്ററി ഉള്‍പ്പെടെയുള്ള വാങ്ങലിന് 13.50 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുക. 38 കിലോവാട്ട് ശേഷിയുള്ള എല്‍.എഫ്.പി. ബാറ്ററിയാണ് വിന്‍ഡ്സര്‍ ഇ.വിയില്‍ നല്‍കിയിരിക്കുന്നത്. ഇക്കോ പ്ലസ്, ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ നാല് ഡ്രൈവിങ് മോഡുകളള്‍ നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ 136 ബി.എച്ച്.പി. പവറും 200 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും വിന്‍ഡ്‌സര്‍ ഇ.വിയുടെ ഹൈലൈറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *