Your Image Description Your Image Description

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

എല്ലാ ശിവ ക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ശിവരാത്രി വ്രതം പ്രധാനമാണ്.പലരും അന്നേദിവസം ശിവ ക്ഷേത്ര ദർശനം നടത്തുന്നു. ശിവരാത്രി വ്രതം എടുത്തു ശിവാരാധന നടത്തുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണ് എന്നാണ് വിശ്വാസം. ശിവരാത്രി ദിവസം മരിച്ചവർക്ക് വേണ്ടി പിതൃബലി അർപ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്ന് വിശ്വാസമുണ്ട്.

കേരളത്തിൽ ശിവരാത്രി ദിവസം ഏറ്റവും വിപുലമായ രീതിയിലുള്ള ആഘോഷങ്ങൾ നടക്കുന്നത് എറണാകുളം ജില്ലയിലെ ആലുവ ക്ഷേത്രത്തിലാണ്. ആലുവ ശിവരാത്രി മണപ്പുറത്ത്‌ അന്ന് രാത്രി വലിയ രീതിയിലുള്ള ആഘോഷവും പുലർച്ചെ പിതൃക്കൾക്ക് ബലി തർപ്പണവും നടക്കാറുണ്ട്. ലക്ഷക്കണക്കിന് ഭക്തരാണ് ശിവരാത്രി ദിവസം അവിടെ എത്തിച്ചേരുന്നത്.

ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

ശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട വഴിപാടുകൾ ………….

  • ശിവരാത്രി ദിനത്തിൽ സമർപ്പിക്കുന്ന വഴിപാടുകൾ അതീവഫലദായകമാണ്
  • കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ശനിയാഴ്ചയെ പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ് . കൂവളത്തില വാടിയാലും അതിന്റെ വിശിഷ്ടത നഷ്പ്പെടുകയില്ല.
  • ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്.
  • പിൻവിളക്ക് , ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്.
  • ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക.
  • ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .
  • സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *