Your Image Description Your Image Description

ഡോണള്‍ഡ് ട്രംപ് സെലന്‍സ്‌കിയെ ‘ഒരു സ്വേച്ഛാധിപതി’ എന്ന് പരസ്യമായി വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് ട്രംപിനെതിരെ യുക്രെയ്‌നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തി. ‘തിരഞ്ഞെടുപ്പുകളില്ലാത്ത സ്വേച്ഛാധിപതി’ എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം സെലന്‍സ്‌കിയെ പരസ്യമായി വിളിച്ച് ആക്ഷേപിച്ചത്. ‘ജയിക്കാന്‍ കഴിയാത്ത ഒരു യുദ്ധത്തിലേക്ക്’ സഹായം എത്തിക്കാന്‍ അമേരിക്കയെ കബളിപ്പിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തതോടെ ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള പൊതു തര്‍ക്കം രൂക്ഷമാകുകയും ചെയ്തു. എന്നാല്‍, മുന്‍കാലങ്ങളില്‍ സെലന്‍സ്‌കിയുടെ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെ പ്രതിരോധിച്ചു. എക്സിലെ ഒരു പോസ്റ്റില്‍, വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഗ യുക്രെയ്ന്‍ ‘യൂറോപ്പിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സൈനിക ആക്രമണത്തെ ചെറുത്തുനിന്നു’ എന്ന് എഴുതി.

‘യുക്രെയ്ന്‍ ജനതയും അവരുടെ പ്രസിഡന്റ് സെലന്‍സ്‌കിയും പുടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ വിസമ്മതിച്ചു,’ എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. യുക്രെയ്നെ ഉപേക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.’നമുക്ക് സെലന്‍സ്‌കിയെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. അദ്ദേഹത്തിന്റെ പ്രവൃത്തികളെ നമുക്ക് അപലപിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യാം. പക്ഷേ പുറത്ത് നിന്നുള്ള ആക്രമണങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ഡ്നെപ്പറിലെ മേയര്‍ ബോറിസ് ഫിലാറ്റോവ് ഫേസ്ബുക്കില്‍ എഴുതി. അമേരിക്കയ്‌ക്കോ റഷ്യക്കോ സെലന്‍സ്‌കിയെ ‘ദുരുദ്ദേശ്യത്തോടെ പറയാന്‍ അവകാശമില്ലെന്ന്’ അദ്ദേഹം വാദിച്ചു .

സെലന്‍സ്‌കിയുടെ അഞ്ച് വര്‍ഷത്തെ പ്രസിഡന്റ് കാലാവധി 2024 മെയ് മാസത്തില്‍ അവസാനിച്ചെങ്കിലും, പട്ടാള നിയമം കാരണം പുതിയ തിരഞ്ഞെടുപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സെലന്‍സ്‌കിയെ ഇനി നിയമാനുസൃത നേതാവായി കണക്കാക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. സെലന്‍സ്‌കിയുടെ അംഗീകാര റേറ്റിംഗ് 4% ആണെന്ന് ചൊവ്വാഴ്ച ട്രംപ് അവകാശപ്പെടുകയും ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

2022 ല്‍ റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ സെലന്‍സ്‌കിയുടെ ജനപ്രീതി 90% ആയി ഉയര്‍ന്നു, എന്നാല്‍ യുദ്ധക്കളത്തിലെ വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളും സമ്പദ്‌വ്യവസ്ഥയിലെ പ്രശ്നങ്ങളും കാരണം അതിനുശേഷം കുറഞ്ഞുവന്നു. അതേസമയം, അമേരിക്കന്‍ സഹായമില്ലാതെ യുക്രെയ്‌ന് ‘അതിജീവിക്കാനുള്ള സാധ്യത കുറവാണ്’ എന്ന് സെലന്‍സ്‌കി എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *