Your Image Description Your Image Description

ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നാണ് വിവരം. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വീഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.

2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, അമേരിക്ക, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.

എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വീഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും. ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *