Your Image Description Your Image Description

തൃശ്ശൂർ : കെ സ്മാർട്ട് പ്രായോഗികമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ നിമിഷങ്ങൾക്കുള്ളിൽ നടപടി സ്വീകരിക്കാനാവുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ സന്തോഷ് ബാബു അഭിപ്രായപ്പെട്ടു. തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘ഡിജിറ്റൽ സാക്ഷരതയും അഴിമതിരഹിത ഭരണവും കെ സ്മാർട്ടിൻ്റെ പശ്ചാത്തലത്തിൽ’ എന്ന ചർച്ചയിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊബൈൽ ആപ്പിലൂടെ എവിടെയിരുന്നും പൊതുജനങ്ങളുടെ ആവലാതികൾക്ക് പരിഹാരം നൽകാം എന്നതാണ് ഈ സംവിധാനത്തിൻ്റെ മേന്മ. മികച്ച ഭരണത്തിൻ്റെ ഭാഗമായി മികച്ച സംവിധാനങ്ങൾ സർക്കാർ ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും ഇത്തരം സാങ്കേതിക വിപ്ലവങ്ങൾ സാധാരണക്കാരിലെത്താൻ വൈകുന്നുണ്ടെന്നും അതിന് പരിഹാരമുണ്ടാകണമെന്നും ഡിജിറ്റൽ സാക്ഷരതയിൽ നാം കുറേക്കൂടി മുന്നേറണമെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി.

ഓൺലൈൻ ഫയൽ നീക്കം അഴിമതി സാധ്യത ഇല്ലാതാക്കുമെന്നും ഫയലുകളും അപേക്ഷകളും കാണാതാകുന്നു എന്നതടക്കമുള്ള പരാതികൾ ഇല്ലാതാക്കുമെന്നും സാങ്കേതികതയിൽ കേന്ദ്രീകരിച്ച വികസന സാഹചര്യത്തിൽ ഡിജിറ്റൽ സാക്ഷരത വൻ വിപ്ലവമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

തദ്ദേശ സ്വയംഭരണ വകുപ്പ് അർബൻ ഡയറക്ടർ സൂരജ് ഷാജി മോഡറേറ്ററായിരുന്നു. മാധ്യമ പ്രവർത്തകൻ റാം മോഹൻ പാലിയത്ത്, കേരള ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ വൈസ് ചെയർപേഴ്സൺ ഷെർലി ഭാർഗവൻ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി കെ.ആർ ജയകുമാർ, കിലയിലെ സാങ്കേതിക വിദഗ്ദ്ധൻ ഡോ. മോനിഷ് ജോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *