Your Image Description Your Image Description

പ്രതിഫലം കൃത്യമായി ലഭിക്കാതിരുന്ന സമയം തനിക്കുണ്ടായിരുന്നതായി നടൻ ശിവകാർത്തികേയൻ. അമരന്‍ റിലീസാകുന്നതിന്റെ ആറ് മാസം മുമ്പ് തന്നെ പ്രതിഫലം കൃത്യമായി വന്നെന്നും ഇതു തമിഴ് സിനിമാ മേഖലയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നും നടൻ കൂട്ടിച്ചേർത്തു. അമരന്റെ 100-ാം ദിന ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഇക്കാര്യം പറഞ്ഞത്. സിനിമ റിലീസിന്റെ തലേദിവസം രാത്രിവരെ പ്രതിഫലത്തിനായി കാത്തിരുന്നിട്ടുണ്ടെന്നും പ്രതിഫലത്തിന്റെ പകുതി തട്ടിയെടുത്തുകൊണ്ടുപോകുന്ന ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

‘അമരൻ എന്ന ചിത്രത്തിൽ എനിക്ക് കൃത്യമായി ശമ്പളം കിട്ടി. അത് നമ്മുടെ ഇൻഡസ്ട്രിയിൽ അപൂർവമായി നടക്കുന്നൊരു കാര്യമാണ്. ശമ്പളം കൊടുക്കാതെ ഇരിക്കുന്നത് മാത്രമല്ല അതിൽ നിന്ന് പകുതി തട്ടിയെടുത്തുകൊണ്ട് പോകാനും ഇവിടെ രണ്ടു മൂന്ന് ഗ്രൂപ്പുകൾ ഉണ്ട്. റിലീസിന്റെ തലേദിവസം രാത്രി വരെ പ്രതിഫലത്തിനായി കാത്തിരുന്നിട്ടുണ്ട്. കമൽ സാർ ഇതെല്ലാം ഇത്രയും വർഷങ്ങൾ കൊണ്ട് കണ്ട് അനുഭവിച്ച് ആളാണ്. പക്ഷെ എനിക്ക് ഇത് പുതിയൊരു അനുഭവം ആയിരുന്നു.

അമരൻ റിലീസിന് ആറ് മാസം മുൻപ് തന്നെ ശമ്പളമെല്ലാം തന്നു. അതിലെല്ലാം ഉപരി അഭിനേതാക്കളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കമ്പനി നടത്തുന്നത് ചെറിയൊരു കാര്യമല്ല’, ശിവകാർത്തികേയൻ പറഞ്ഞു. 2024 ഒക്ടോബർ 31 ആണ് ശിവകാർത്തികേയൻ – സായ് പല്ലവി എന്നിവർ പ്രധാനവേഷത്തിലെത്തിയ അമരൻ തിയറ്ററുകളിലെത്തിയത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ മേജർ മുകുന്ദ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.

മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായ് പല്ലവി അഭിനയിച്ചത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് നിർമിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ രണ്ടമാത്തെ ചിത്രമാണ് അമരൻ.300 കോടിയിൽ അധികം കളക്ഷൻ അമരൻ നേടിയിരുന്നു.വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *