Your Image Description Your Image Description

കഴിഞ്ഞ വര്‍ഷമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് ഡല്‍ഹി കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. മുന്‍ ഭാര്യ അയേഷ മുഖര്‍ജിയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ മകന്‍ സൊരാവറിന്റെ സംരക്ഷണവും ധവാന് നഷ്ടമായിരുന്നു. എന്നാല്‍ മകനെ കാണാനും വീഡിയോകോളിലൂടെയും മറ്റും ബന്ധപ്പെടാനുള്ള അനുമതിയും കോടതി നല്‍കിയിരുന്നു. ഇപ്പോഴിതാ മകനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ താരം. മകനെ കണ്ടിട്ട് രണ്ടുവര്‍ഷമായെന്നും ബ്ലോക്ക് ചെയ്‌തെങ്കിലും എല്ലായിപ്പോഴും സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ധവാന്‍ എ.എന്‍.ഐ പോഡ്കാസ്റ്റില്‍ പറഞ്ഞു. എന്റെ മകനെ കണ്ടിട്ട് രണ്ടുവര്‍ഷമായി.

അവസാനമായി ഒന്നു സംസാരിച്ചിട്ട് ഒരു കൊല്ലവും. ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്. അവനെ മിസ് ചെയ്യാറുണ്ട്. മകനിപ്പോള്‍ പതിനൊന്ന് വയസായെങ്കിലും രണ്ടരക്കൊല്ലം മാത്രമേ ഞാന്‍ അവന്റെ കൂടെയുണ്ടായിരുന്നുള്ളൂ.- എ.എന്‍.ഐ പോഡ്കാസ്റ്റില്‍ ധവാന്‍ പറഞ്ഞു. ഞാന്‍ അവനുമായി ദിനംപ്രതി സംസാരിക്കാറും കെട്ടിപ്പിടിക്കാറുമുണ്ട്. എല്ലാം ധ്യാനത്തിലൂടെ ആത്മീയമായ വഴിയിലൂടെയാണ്. ഇങ്ങനെ മാത്രമേ മകനെ തിരിച്ചുകൊണ്ടുവരാനാകൂ. ഞാന്‍ സങ്കടപ്പെട്ടിരിക്കുന്നത് ഇതിന് പരിഹാരമാകില്ലല്ലോ. ധ്യാനത്തിലിരിക്കുമ്പോള്‍ മകനോട് സംസാരിക്കുന്നതായും കെട്ടിപ്പിടിക്കുന്നതായും ഒപ്പം കളിക്കുന്നതായും എനിക്ക് തോന്നാറുണ്ട്. – ധവാന്‍ പറഞ്ഞു.

മകനെ കണ്ടാല്‍ ഏത് ഇന്നിങ്‌സാണ് കാണിച്ചുകൊടുക്കുകയെന്ന ചോദ്യത്തിന് ആദ്യം അവനെ കെട്ടിപ്പിടിക്കുമെന്നായിരുന്നു ധവാന്‍ മറുപടി നല്‍കിയത്. അവനുമൊത്ത് സമയം ചെലവഴിക്കുകയും അവന് പറയാനുള്ളത് കേള്‍ക്കുകയും ചെയ്യും. അവന് എന്റെ ഇന്നിങ്‌സ് കാണിച്ചുകൊടുക്കുകയെന്നത് ഇതുവരെ ആലോചിക്കാത്ത കാര്യമാണ്‌. അവനെ കേള്‍ക്കുകയും കൂടുതല്‍ അറിയുകയും ചെയ്യും. അവന്‍ കരയുമ്പോള്‍ കൂടെ കരയും.

ഒപ്പമുള്ള നിമിഷങ്ങള്‍ ആനന്ദകരമാക്കുമെന്ന് ധവാന്‍ പറഞ്ഞു. മകന്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയുകയാണ് തനിക്ക് വേണ്ടതെന്നും തന്റെ ഏതെങ്കിലും ഇന്നിങ്‌സ് കണ്ടിട്ടുണ്ടോയെന്നത് വിഷയമല്ലെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു. എന്നെ ബ്ലോക്ക് ചെയ്‌തെങ്കില്‍ കൂടിയും മൂന്ന് നാല് ദിവസം കൂടുമ്പോള്‍ ഞാന്‍ അവന് സന്ദേശങ്ങള്‍ അയക്കും. അത് വായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും സന്ദേശമയക്കുക എന്നത് എന്റെ കടമയാണ്. ഞാന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും.- ധവാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *