Your Image Description Your Image Description

പേവിഷബാധ മൂലം ജില്ലയിൽ ഒമ്പത് വയസ്സുകാരൻ മരിക്കാനിടയായ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ പേവിഷബാധയുടെ കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

കുട്ടികളിലെ രോഗബാധയെ വിശകലനം ചെയ്തതിൽ നിന്ന് മനസ്സിലാകുന്നത് കൃത്യസമയത്ത് കടിയേറ്റത് അറിയാതെ പോകുന്നത് സമയബന്ധിതമായി വാക്സിൻ എടുത്ത് സുരക്ഷിതരാകുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നു എന്നാണ്. മൃഗങ്ങൾ മാന്തുകയും കടിക്കുകയും മറ്റും ചെയ്താൽ കുട്ടികൾ പറയാതിരിക്കാനും സാധ്യതയുണ്ട്.
പറയാനുള്ള പരിശീലനവും ആത്മവിശ്വാസവും നൽകേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ്. പലപ്പോഴും പട്ടി /പൂച്ച എന്നിവയോട് കളിക്കുന്നതും അടുത്ത് ഇടപഴകുന്നതും രക്ഷകർത്താക്കൾ വിലക്കിയിട്ടുണ്ടാവും. ഇത് ധിക്കരിച്ചതുകൊണ്ട് പോറലോ കടിയോ ഉണ്ടായെന്നു പറഞ്ഞാൽ വഴക്ക് പറഞ്ഞേക്കുമോ എന്ന ആശങ്ക കുഞ്ഞുങ്ങൾക്ക് ഉണ്ടാകും. അതുകൊണ്ടുതന്നെ ഭയമില്ലാതെ കുഞ്ഞുങ്ങൾക്ക് പറയാനുള്ള ഗാർഹിക ചുറ്റുപാടും വിദ്യാലയാന്തരീക്ഷവും ഉണ്ടാക്കിയെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. മാത്രമല്ല കുഞ്ഞുങ്ങൾ പല സാഹചര്യങ്ങളിൽ കളിക്കാനും മറ്റും പലയിടങ്ങളിൽ പോകുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ പാടുകളോ മുറിവുകളോ ഉണ്ടായാൽ എവിടെവെച്ച്, എങ്ങനെയെന്ന് വിശദമായി ചോദിച്ചു മനസ്സിലാക്കുകയും വേണം. വഴിയിൽ കാണുന്ന കുഞ്ഞ് മൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഓമനിക്കാൻ കുഞ്ഞുങ്ങൾക്ക് താല്പര്യം വളരെ കൂടുതലാണ്. കൊച്ചുപട്ടിയിൽ നിന്നും പൂച്ചയിൽ നിന്നു പോലും പേവിഷബാധ ഉണ്ടാകാം.
മൃഗങ്ങളെ ചേർത്തുപിടിച്ച് ഓമനിക്കുന്നതിലൂടെ അവ നക്കുകയും മറ്റും ചെയ്യുമ്പോൾ രോഗാണുക്കൾക്ക് ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട് .ചെറിയ മാന്തലോ പോറലോ ആണെന്ന് കരുതി കുഞ്ഞുങ്ങൾ പറയാതിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം മൃഗങ്ങളുമായി കൂടുതൽ ഇടപഴകുന്നത് രക്ഷകർത്താക്കൾ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. പലപ്പോഴും കുട്ടികൾ പട്ടി കടിക്കുകയോ മാന്തുകയോ ചെയ്യുന്നതായി പറയാറില്ല. പട്ടിയോടിക്കുകയോ മറ്റോ ചെയ്യുമ്പോൾ മറിഞ്ഞു വീണുണ്ടാകുന്ന മുറിവുകളെ കുറിച്ച് മാത്രമായിരിക്കും കുട്ടികൾ പറയുന്നത്. കടിച്ചില്ലെങ്കിൽ പോലും ഇങ്ങനെ വീഴുമ്പോഴും മറ്റും ഉണ്ടാകുന്ന മുറിവുകളിലൂടെ രോഗാണുക്കൾ ശരീരത്തിൽ കടന്നിട്ടുണ്ടാവും. അതുകൊണ്ട് തന്നെ വീഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ രക്ഷകർത്താക്കൾ പൂർണ്ണമായും ചോദിച്ച് മനസ്സിലാക്കണം. കൃത്യമായ വിവരം മുറിവിന്റെ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തുമ്പോൾ പറയുകയും വേണം. മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താൽ സോപ്പിട്ട് കഴുകുന്നതിന്റെ പ്രാധാന്യവും കൃത്യസമയത്ത് വാക്സിനെടുത്ത് സുരക്ഷിതരാകുന്നതിന്‍റെ പ്രാധാന്യവും കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുക. പേവിഷബാധമരണം ഉണ്ടാകും എന്നുതന്നെ കുഞ്ഞുങ്ങളെ പ്രായത്തിനനുസരിച്ച് പറഞ്ഞു മനസ്സിലാക്കാൻ അധ്യാപകരും രക്ഷകർത്താക്കളും ശ്രദ്ധിക്കണം.
അങ്കണവാടി അധ്യാപകർ /സ്കൂൾ അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ ഇതിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പ് വിദ്യാഭ്യാസവകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയുമായി സഹകരിച്ച് സ്പെഷ്യൽ അസംബ്ലി, ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള പ്രചരണ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.
കുട്ടികൾക്കായി ജില്ലകളിലെ എല്ലാ സ്കൂളുകളിലും പ്രത്യേക പേവിഷബാധ ബോധവൽക്കരണ അസംബ്ലിയും
അദ്ധ്യാപക, രക്ഷകർതൃ സംഘടനകൾ കേന്ദ്രീകരിച്ച് തുടർ ബോധവത്കരണ പരിപാടികൾ നടത്തുകയും ചെയ്യും.

*തെറ്റിദ്ധാരണകൾ തിരുത്താം*

*വളർത്തുമൃഗങ്ങൾക്ക്പ്രതിരോധ കുത്തിവെപ്പ് എടുത്താലും കടിയോ മാന്തലോ ഏറ്റാൽ പേവിഷബാധിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കണം.

*കുഞ്ഞു പട്ടിയോ പൂച്ചയോ കടിച്ചാലും പേവിഷബാധ ഉണ്ടാകാം.

*മൃഗങ്ങൾ നേരിട്ട് കടിച്ച് മുറിവേൽപ്പിച്ചില്ലെങ്കിലും മൃഗങ്ങൾ ഓടിക്കുകയോ ദേഹത്ത് ചാടിക്കയറുകയോ തുടങ്ങിയ സന്ദർഭങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നേരിയ പോറലുകൾ, നമ്മുടെ ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ മുറിവിൽ ഉമിനീര് പുരണ്ടാലും, ഉമിനീര് കണ്ണിലോ വായിലോ തെറിച്ചു വീണാലും പേവിഷബാധ ഉണ്ടാകാം.

*മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താൽ ഉടനടി സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് നേരമെങ്കിലും കഴുകുക.

*തുടർന്ന് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ഡോക്ടർ നിർദ്ദേശിക്കുന്നതിനനുസരിച്ച്, മുറിവിന്റെ സ്വഭാവം അനുസരിച്ച് നിർദേശിക്കുന്ന പ്രതിരോധ കുത്തിവെപ്പ് എടുക്കുക. ഡോസ് പൂർണമാക്കുക. വാക്സിൻ സ്വീകരിച്ചതിന്റെ രേഖ സൂക്ഷിച്ച് വയ്ക്കുക.

*വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുക.

*വളർത്തു മൃഗങ്ങളുമായി സുരക്ഷിതമായി ഇടപഴകുന്നതിനെക്കുറിച്ചും തെരുവിൽ കാണുന്ന മൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നുള്ള നിർദ്ദേശങ്ങളും കുഞ്ഞുങ്ങൾക്ക് നൽകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *