Your Image Description Your Image Description

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന് അടുത്തിടെയാണ് മാരുതി സുസുക്കി 60 ജിംനികള്‍ കൈമാറിയത്. ഥാറിനേയും ഗൂര്‍ഖയേയും അപേക്ഷിച്ച് ചെറിയ എന്‍ജിനുള്ള വാഹനമാണ് ജിംനി. എന്നിട്ടും സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജിംനിയാണ്. മാരുതി സുസുക്കി ജിപ്‌സിക്ക് പകരമായാണ് ജിംനി സേനയിലേക്കെത്തിയത്. 1,200 കിലോഗ്രാം മാത്രമാണ് മാരുതി സുസുക്കി ജിംനിയുടെ ഭാരം. ഥാറിനേയും ഗൂര്‍ഖയേയും അപേക്ഷിച്ച് 450-750 കിലോഗ്രാമിന്റെ ഭാരക്കുറവ് ജിംനിക്കുണ്ട്. ഓഫ് റോഡ് ഡ്രൈവിങില്‍ ഇത് ഗുണം ചെയ്യുന്നു.

ലളിതമായ ഇലക്ട്രോണിക്‌സാണ് ജിംനിയിലുള്ളത്. അതുകൊണ്ടുതന്നെ തകരാര്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഗ്ലേസിയറുകളും മഞ്ഞു മൂടിയ മലകളും മോശം റോഡുകളുമെല്ലാം മറികടന്നുള്ള പട്രോളിങിനിടെ വാഹനം നിന്നു പോവുന്നത് പരമാവധി കുറയ്ക്കാന്‍ ഇതു സഹായിക്കും. മുന്നണിയിലെ സൈനികരെ സഹായിക്കുന്ന ചുമതല ഇപ്പോള്‍ ജിംനിക്ക് കൈമാറിയിരിക്കുകയാണ്. ഏതു പ്രതലത്തിലും സുഗമമായി ഓടിക്കാനുള്ള ജിംനിയുടെ മികവാണ് ഇതിന് സഹായിക്കുക.

3,985എംഎം നീളവും 1,645എംഎം വീതിയും 1,720എംഎം ഉയരവുമുള്ള വാഹനമാണ് മാരുതി സുസുക്കി ജിംനി. 2,590എംഎം വീല്‍ബേസും 210എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. 103 ബിഎച്ച്പി, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിംനിയിലുള്ളത്. മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുമുണ്ട്. ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ തടസ്സം മറികടക്കാന്‍ പലമടങ്ങ് ടോര്‍ക്ക് വര്‍ധിപ്പിക്കാന്‍ പാര്‍ട്ട് ടൈം ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ജിംനിയിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *