Your Image Description Your Image Description

കോഴിക്കോട് : കഴിഞ്ഞ ആഴ്ച നാലുപേർ മരണപ്പെട്ട തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ വിവിധ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു.

ഡ്രൈവിംഗ് ബീച്ചിലെ 250 മീറ്റർ സ്ഥലത്ത് അപായ സൂചന ബോർഡുകൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) സ്ഥാപിക്കും. പരിശീലനം സിദ്ധിച്ച നാട്ടുകാരായ 9 മത്സ്യത്തൊഴിലാളികളുടെ സേവനം ബീച്ചിൽ തിരക്ക് കൂടുന്ന ആഴ്ച്ചയവസാനങ്ങളിലും അവധി ദിവസങ്ങളിലും ലഭ്യമാക്കും.

തിക്കോടി ബീച്ചിൽ 6 ലൈഫ് ഗാർഡുമാരുടെ സേവനം ലഭ്യമാക്കുന്ന ഡിടിപിസിയുടെ പദ്ധതി നിലവിൽ വരുന്നതുവരെ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും. ബീച്ചിൽ ശുചിമുറി, സുരക്ഷാ ജീവനക്കാരൻ, ബീച്ച് ശുചിയാക്കാനുള്ള സംവിധാനം എന്നിവയ്ക്കായി താൽക്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ തിക്കോടി ഗ്രാമപഞ്ചായത്തിന് കളക്ടർ നിർദ്ദേശം നൽകി. നിലവിൽ ഹരിതകർമ്മ സേന അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും ഇത്‌ ദിവസവുമില്ല.

ജാഗ്രത പുലർത്തുന്ന 250 മീറ്ററിന് പുറത്തും കഴിയാവുന്നത്ര നിയന്ത്രണങ്ങൾ കൊണ്ടുവരും. താൽക്കാലികമായി ഉണ്ടാക്കുന്ന സംവിധാനത്തിൽ സുരക്ഷാ ജീവനക്കാരന്റെ മുറി, സാധനങ്ങൾ വെക്കാനുള്ള സംവിധാനം, ശുചിമുറി സൗകര്യങ്ങൾ ഉണ്ടാകും. തിക്കോടി ബീച്ചിൽ വൈദ്യുതി വിളക്കുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

ബീച്ചിന്റെ തെക്കുഭാഗത്ത് ഡിടിപിസിയുടെ നേതൃത്വത്തിൽ ശുചിമുറി ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്ന പ്രവൃത്തി നടന്നുവരുന്നുണ്ടെങ്കിലും ഇത് പൂർത്തിയാവാൻ സമയമെടുക്കും. പയ്യോളി നഗരസഭയ്ക്ക് കീഴിലുള്ള, മിനി ഗോവ എന്നറിയപ്പെടുന്ന വിനോദസഞ്ചാര പ്രദേശത്തെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *