Your Image Description Your Image Description

പത്തനംതിട്ട : പമ്പ മണപ്പുറത്ത് ഫെബ്രുവരി ഒമ്പത് മുതല്‍ 16 വരെ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പുവരുത്തും.

സമ്മേളനനഗരിയിലും മഫ്തിയിലും വനിതാ പോലിസ് ഉള്‍പ്പടെയുള്ളവരെ വിന്യസിക്കും.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പട്രോളിങ് ശക്തമാക്കും. പാര്‍ക്കിംഗ് സ്ഥലം ക്രമീകരിക്കാനായി പോലീസ്, പഞ്ചായത്ത് അധികൃതര്‍, കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും.

ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി, നെടുമ്പ്രയാര്‍ തുടങ്ങിയ കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.കണ്‍വെന്‍ഷന്‍ നഗറില്‍ താല്‍ക്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും.കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അടിയന്തരമായി പൂര്‍ത്തിയാക്കും.

താല്‍ക്കാലിക പന്തലിന്റെയും സ്റ്റേജിന്റെയും സുരക്ഷ പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം. ഫയര്‍ഫോഴ്‌സിന്റെ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. സ്‌ക്യൂബ ഡ്രൈവിംഗ് ടീമും സജ്ജമാക്കും. വാട്ടര്‍ അതോറിറ്റി ജലലഭ്യത ഉറപ്പാക്കും. ശുചീകരണ പ്ലാന്റുകളും കിയോസ്‌കുകളും സജ്ജമാക്കും. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്ക് പ്രത്യേക രാത്രി സര്‍വീസും ഉണ്ടാകും.

ഗ്രാമപഞ്ചായത്തുകള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. റോഡിലേക്ക് ഇറക്കിയുള്ള അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കും. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തും. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കും. കണ്‍വെന്‍ഷന്‍ നഗറിലും പരിസരങ്ങളിലും എക്‌സൈസ് പെട്രോളിങ് ശക്തമാക്കും. വ്യാജ മദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്പന തുടങ്ങിയവ തടയുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കും.

ബിഎസ്എന്‍എല്‍ തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് സേവനവും മൊബൈല്‍ കവറേജും ഉറപ്പാക്കും.
കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നതിനു മുന്‍പ് വീണ്ടും യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.സുഗമമായ നടത്തിപ്പിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അടൂര്‍ ആര്‍ഡിഒ യെ കോഡിനേറ്റര്‍ ആയി ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *