Your Image Description Your Image Description

ചെന്നൈ: പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന്ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. പകരം ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ഉള്‍പ്പെടുത്തി. നിതീഷിന് പരിശീലനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. രാജ്‌കോട്ടില്‍ നടക്കുന്ന മൂന്ന് ടി20യില്‍ അദ്ദേഹം ടീമിനൊപ്പം ചേരും.

ജമ്മു കശ്മീരിനെതിരെ മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ച ദുബെ രണ്ട് ഇന്നിംഗ്‌സിലും നിരാശപ്പെടുത്തിയിരുന്നു. രണ്ട് ഇന്നിംഗ്‌സിലും താരത്തിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. ദുബെയെ നേരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്ന ദുബെ, മുംബൈക്ക് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചാണ് തിരിച്ചെത്തുന്നത്. നേരത്തെ, യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കും പരിക്കേറ്റിരുന്നു. ചെന്നൈയില്‍ ഇന്ന് നടക്കുന്ന രണ്ടാം ടി20യില്‍ താരം കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. ചെന്നൈയില്‍ പരിശീലനത്തിനിടെ കണങ്കാല്‍ തിരിഞ്ഞ് പരിക്കേല്‍ക്കുകയായിരുന്നു അഭിഷേകിന്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ 34 പന്തില്‍ 79 റണ്‍സടിച്ച അഭിഷേക് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

കണങ്കാലിന് പരിക്കേറ്റ അഭിഷേക് ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നില്ല. വേദനമൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടിയ അഭിഷേക് മുടന്തിയാണ് ഗ്രൗണ്ട് വിട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഷേക് കളിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണൊപ്പം ആരാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.15 അംഗ ടീമില്‍ ബാറ്റര്‍മാരായി പിന്നെ അവശേഷിക്കുന്നത് ധ്രുവ് ജുറെലും വാഷിംഗ്ടണ്‍ സുന്ദറുമാണ്. അഭിഷേക് ശര്‍മ ഇടം കൈയനായിരുന്നതിനാല്‍ സഞ്ജുവിനൊപ്പം വാഷിംഗ്ടണ്‍ സുന്ദറെ ഓപ്പണറാക്കി ഇന്ത്യ സര്‍പ്രൈസ് നീക്കം നടത്തിയേക്കുമെന്ന സൂചനയുമുണ്ട്. വാഷിംഗ്ടണ്‍ സുന്ദറിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈ ചെപ്പോക്കിലാണ് മത്സരമെന്നതും യുവതാരത്തിനുള്ള സാധ്യത കൂട്ടുന്നു. ജുറെലിനെയോ സുന്ദറിനെയോ ഓപ്പണറാക്കിയുള്ള സര്‍പ്രൈസ് നീക്കമോ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ തിലക് വര്‍മയോ സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതയോ ആണ് മുന്നിലുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *