Your Image Description Your Image Description

റിയാദ്: പ്രവാസികളുടെ യോഗ്യതയും തൊഴിൽ പ്രാവീണ്യവും ഉറപ്പുവരുത്തുന്ന പ്രഫഷണൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കിയതായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സൗദിയിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ തൊഴിൽ നൈപുണ്യം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി.

സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന 160 രാജ്യങ്ങളിലും പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി മന്ത്രാലയം വ്യക്തമാക്കി. 1007 തസ്തികകളാണ് പ്രഫഷണൽ വെരിഫിക്കേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ 1315 തസ്തികകളിലേക്കു കൂടി ഇത് വ്യാപിപ്പിക്കും. മെഡിക്കൽ, എൻജിനീയറിങ്, നിർമാണം, ഐടി തുടങ്ങി പ്രമുഖ മേഖലകളിലെ 1 മുതൽ 3 വരെയുള്ള വിഭാഗങ്ങളിലെ വിദഗ്ധ തൊഴിലുകൾക്ക് വെരിഫിക്കേഷൻ നിർബന്ധമാണ്. ആദ്യഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങളിൽ നടപ്പാക്കിയ പദ്ധതി ശേഷിച്ച രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു.

Also Read: കുവൈത്തിൽ മണി എക്സ്ചേഞ്ച് കൊള്ളയടിച്ചു

സൗദിയിൽ ജോലി തേടുന്നവർ പ്രഫഷണൽ വെരിഫിക്കേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ എന്നിവയ്ക്കായി ബുക്ക് ചെയ്യണം. അംഗീകൃത കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ നടക്കുന്നത്. ഇതിൽ വിജയിക്കുന്നവർക്ക് അഞ്ച് വർഷ കാലാവധിയുള്ള പ്രഫഷണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യൂ. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവരെ രണ്ടാം ഘട്ടത്തിൽ പരീക്ഷയ്ക്കു വിധേയമാക്കും. പരീക്ഷയിൽ വിജയിക്കുന്നവർക്കു മാത്രമേ വിസ പുതുക്കാനാവൂ എന്നാണ് നിയമം.

Leave a Reply

Your email address will not be published. Required fields are marked *