Your Image Description Your Image Description

വാഷിങ്ടൺ: ടിക് ടോക്ക് നിരോധന ഭീഷണിയുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഉപഭോക്താക്കൾ ‘റെഡ് നോട്ട്’ അഥവാ Xiaohongshu എന്ന ചൈനീസ് ആപ്പിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്. ‘ ടിക് ടോക്ക് അഭയാർത്ഥികൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉപയോക്താക്കളുടെ നീക്കം ആപ്പിളിന്റെ അമേരിക്കൻ ആപ്പ് സ്റ്റോറിൽ തിങ്കളാഴ്ച ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ‘റെഡ്‌നോട്ടി’നെ മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ ഏഴ് ലക്ഷം പുതിയ ഉപയോക്താക്കൾ ആപ്പിൽ ചേർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് ഭാഷയിൽ ‘സിയാങ്ഹോങ്സു’ എന്നാണ് ആപ്പിന്റെ പേര്.

ചൈന, തായ്‌വാൻ, മൻഡാരിൻ ഭാഷ സംസാരിക്കുന്ന യുവജനങ്ങൾക്കിടയിൽ ഏറെ ജനപ്രിയമായ ഒരു ‘ടിക്‌ടോക്ക്’ എതിരാളിയാണ് റെഡ്‌നോട്ട്. ഏകദേശം 300 ദശലക്ഷം പ്രതിമാസ ഉപയോക്താക്കൾ ഇതിനുണ്ടെന്നാണ് റിപ്പോർട്ട്. ടിക് ടോക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ സംയോജിത സ്വഭാവമുള്ള ആപ്പാണ് റെഡ്നോട്ട്. 2019 ജൂണിൽ ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണി ഉയർത്തുവെന്ന് ആരോപിച്ച് ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പിനെ മറ്റ് നിരവധി മെയ്ഡ് ഇൻ ചൈന ആപ്ലിക്കേഷനുകൾക്കൊപ്പം മോദി സർക്കാർ നിരോധിച്ചിരുന്നു. നിലവിൽ ഇന്ത്യയിലും റെഡ്‌നോട്ട് ആക്‌സസ് ചെയ്യാനാകും. ഫോൺ നമ്പർ ഉപയോഗിച്ച് ഒരാൾക്ക് റെഡ്നോട്ടിൽ സൈൻ അപ്പ് ചെയ്യാം. ഉപയോക്താക്കൾക്ക് വീഡിയോകൾ ലൈക്ക് ചെയ്യാനും അഭിപ്രായം പങ്കുവെക്കാനും കഴിയും.

ഷാങ്ഹായ് ആസ്ഥാനമാക്കി ഒരു ഷോപ്പിങ് പ്ലാറ്റ്‌ഫോമായി ചാൾവിൻ മാവോയും മിറാൻഡ ക്യൂവും ചേർന്ന് 2013ലാണ് ഇത് സ്ഥാപിച്ചത്.
അതേസമയം, ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ടനുസരിച്ച് ടിക് ടോക്കിന്റെ അമേരിക്കൻ പ്രവർത്തനങ്ങൾ ഇലോൺ മസ്‌ക് ഏറ്റെടുക്കാൻ സാധ്യതയുണ്ട്. അമേരിക്കയിലെ നിരോധനം മറികടക്കാൻ ലക്ഷ്യമിട്ടാണ് വിൽപനക്കുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നതെന്നാണ് വിവരം. മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ കീഴിൽ തന്നെ നിലനിൽക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണന. എന്നാൽ, ഇതിന് സാധിച്ചില്ലെങ്കിൽ മസ്കിന് വിൽക്കാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *