പറപ്പിച്ചു വിടു പപ്പാ, ഷാജി പാപ്പന്റെ ഈ ഹിറ്റ് ഡയലോഗ് റിയാലിറ്റി ആക്കി മാറ്റാനൊരുങ്ങുകയാണ് ചൈന. ചൈനീസ് കമ്പനിയായ എക്‌സ്‌പെങ്ങിന്റെ അനുബന്ധ സ്ഥാപനമായ എയറോ എച്ച്.ടി. ലാന്‍ഡ് എയര്‍ക്രാഫ്റ്റ് കാരിയര്‍ 2026-ഓടെ പറക്കും കാറുകള്‍ നിര്‍മിക്കാനുള്ള നീക്കത്തിലാണ്.
2024 നവംബറില്‍ നടന്ന ചൈന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് എയറോസ്‌പേസ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലാണ് പറക്കും കാര്‍ എന്ന ആശയത്തിന് പ്രചോദനമായിരിക്കുന്നത്. ഈ വര്‍ഷം ലാസ് വേഗസില്‍ നടന്ന സി.ഇ.എസിലും പറക്കും കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുന്നില്‍ നിന്ന് നോക്കിയാല്‍ ഒരു എസ്.യു.വി. പോലെ തോന്നിക്കുന്ന ഈ വാഹനത്തിന്റെ പിന്‍ഭാഗം ഹെലികോപ്റ്റര്‍ പോലെയാണ് തീര്‍ത്തിരിക്കുന്നത്.
രണ്ട് ഭാഗങ്ങളായാണ് കണ്‍സെപ്റ്റ് മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. മുന്‍ഭാഗം ഒരു കാറില്‍ നിന്നോ വാനില്‍ നിന്നോ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നതെങ്കില്‍ പിന്‍വശം ക്വാഡ്‌കോപ്റ്ററിനെ പോലെയാണ് തീര്‍ത്തിരിക്കുന്നത്. വെര്‍ട്ടിക്കിളായി ടേക്ക്ഓഫ് ചെയ്യാനും അരമണിക്കൂറില്‍ അധികം അന്തരീക്ഷത്തില്‍ നില്‍ക്കാനും സാധിക്കുന്ന തരത്തിലാണ് ഇ പറക്കും കാര്‍ കമ്പനി നിര്‍മിക്കുന്നത്. അതേസമയം, പറക്കും കാര്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനായി പ്രതിവര്‍ഷം 10,000 യൂണിറ്റ് നിര്‍മാണശേഷിയുള്ള ഫാക്ടറിയാണ് ചൈനയില്‍ ഒരുങ്ങുന്നത്. 2026-ഓടെ പറക്കും കാറുകള്‍ വിപണിയില്‍ എത്തിക്കാനാണ് എക്‌സ്‌പെങ് ലക്ഷ്യമിടുന്നത്. എകദേശം 1.96 കോടി രൂപയാണ് (2,20,000 യൂറോ) ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.