Your Image Description Your Image Description

ബെംഗളൂരു: ഐപിഎല്‍ റൺവേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്‌ലര്‍. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ 39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന് ഗുജറാത്തിനെ വിജയിപ്പിച്ച ബട്‌ലർ മൂന്ന് കളികളില്‍ രണ്ട് അ‍ർധസെഞ്ച്വറി അടക്കം 166 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇന്നലെ ആര്‍സിബിക്കെതിരെ 49 റണ്‍സുമായി തിളങ്ങിയ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ 186 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. 189 റണ്‍സുമായി ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നിക്കോളാസ് പുരാനാണ് ഒന്നാമതുള്ളത്.

219.76 സ്ട്രൈക്ക് റേറ്റാണ് പുരാനുള്ളത്. പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ രണ്ട് കളികളില്‍ 149 റണ്‍സും 206.94 സ്ട്രൈക്ക് റേറ്റുമായി നാലാം സ്ഥാനത്താണ്. ട്രാവിസ് ഹെഡ്(136), മിച്ചല്‍ മാര്‍ഷ്(124), അനികേത് വര്‍മ(117), റുതുരാജ് ഗെയ്ക്‌വാദ്(116), ഇഷാന്‍ കിഷന്‍(108), രചിന്‍ രവീന്ദ്ര(106) എന്നിവരാണ് ആദ്യ പത്തിലുളള്ളത്. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പക്ഷെ ആദ്യ പതിനഞ്ചില്‍ ഇല്ല. മൂന്ന് കളികളില്‍ 99 റണ്‍സെടുത്ത സഞ്ജു റണ്‍വേട്ടയില്‍ പതിനാറാമതാണുള്ളത്.

സഞ്ജുവിന് തൊട്ടുതാഴെ 97 റണ്‍സുമായി വിരാട് കോഹ്‌ലിയാണ് പതിനേഴാം സ്ഥാനത്ത്. ഇന്നലെ ഗുജറാത്തിനെതിരെ ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത് കോഹ്‌ലി നിരാശപ്പടുത്തിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ 21 റണ്‍സ് മാത്രമെടുത്ത മുംബൈ താരം രോഹിത് ശര്‍മയും 29 റണ്‍സെടുത്ത റിങ്കു സിംഗും 17 റണ്‍സെടുത്ത റിഷഭ് പന്തും 34 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 31 റണ്‍സ് മാത്രമെടുത്ത അഭിഷേക് ശര്‍മയുമാണ് സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ നിരാശ സമ്മാനിച്ച ഇന്ത്യൻ താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *