കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കികൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. മൃതദേഹം വൈദ്യപഠനത്തിന് നല്‍കുന്നത് മരിച്ചയാളുടെയും കുടുംബത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതല്ലേയെന്നും കോടതി ചോദിച്ചു.
ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടുനൽകണമെന്നായിരുന്നു ആശ ലോറന്‍സിന്റെ ആവശ്യം. അതേസമയം കേരള അനാട്ടമി നിയമപ്രകാരം മൃതദേഹം ഏറ്റെടുത്ത എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ തീരുമാനം ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നാലെ ഡിവിഷന്‍ ബെഞ്ചും ശരിവെക്കുകയായിരുന്നു. ജീവിച്ചിരിക്കെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്ന ആഗ്രഹം എംഎം ലോറന്‍സ് പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു ലോറൻസിന്റെ മകന്‍ എംഎല്‍ സജീവന്റെ വാദം.