Your Image Description Your Image Description

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ വളർച്ച ലോകത്തിന് മുന്നിലവതരിപ്പിക്കാനും വരുംനാളുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദിയായി കൊച്ചിയിൽ അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദഗ്ദ്ധരും പ്രമുഖരും നയിക്കുന്ന ചർച്ചകൾ വലിയ ഉൾക്കാഴ്ചകൾ പകരും. ഗുണകരവും കാര്യക്ഷമവുമായ ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിനോടൊപ്പം ഉയർന്നുവരുന്ന തലമുറയെ കാലത്തിനനുസരിച്ച് നൈപുണിയുള്ളവരാക്കിത്തീർക്കാനും നമുക്ക് സാധിക്കണം.

നമ്മുടെ സാമൂഹിക പുരോഗതിയെ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ കാലാനുസൃതമായ മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ വരേണ്ടതുണ്ട്.ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്ര പരിഷ്കാരം ലക്ഷ്യമിട്ടു മൂന്ന് കമ്മീഷനുകൾക്ക് ഇതിനകം സർക്കാർ രൂപം നൽകിയിട്ടുണ്ട്. അവരിൽ നിന്നുള്ള വിദഗ്ധ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ആ നിർദ്ദേശങ്ങൾ ഓരോന്നായി കഴിഞ്ഞവർഷങ്ങളിൽ നടപ്പാക്കി വരികയാണ്. നാലുവർഷ ബിരുദ പ്രോഗ്രാം ഉൾപ്പെടെയുള്ള പദ്ധതികൾ അതിന്റെ ഭാഗമായി യാഥാർത്ഥ്യമാക്കിയവയാണ്. ഈ പരിഷ്കാരങ്ങളുടെയൊക്കെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഏറെ മെച്ചപ്പെടുകയും ചെയ്തു. ദേശീയവും അന്തർദേശീയവുമായ ഗുണനിലവാര പരിശോധനകളിൽ നമ്മുടെ സർവകലാശാലകളും കോളേജുകളും എല്ലാം മികച്ച റാങ്കുകൾ കരസ്ഥമാക്കി മുന്നേറുകയാണ്.

പരിഷ്കരണത്തിന്റെ രണ്ടാംഘട്ടം കേരളത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്നതാണ്. സ്വദേശ വിദ്യാർഥികൾക്കൊപ്പം വിദേശ വിദ്യാർത്ഥികളെയും മികച്ച സൗകര്യങ്ങളും കോഴ്സുകളും നൽകി ഇവിടേക്ക് ആകർഷിക്കുകയെന്നതാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. അതിലേക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും അറിവുകളും സമാഹരിക്കുക എന്നുള്ളതാണ് കോൺക്ലേവിന്റെ പ്രധാന ഉദ്ദേശ്യം.
കേരളത്തിൽ പഠിച്ചു മറ്റിടങ്ങളിൽ ജീവിക്കുന്ന പ്രവാസികളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഇനിയുള്ള വികാസത്തിന് ഏറെ വിലമതിച്ചതാണ്. അവർക്ക് സംസാരിക്കാനുള്ള സംവിധാനങ്ങളും കോൺക്ലേവിലൊരുക്കിയിട്ടുണ്ട്.

അറിവുല്പാദനത്തിന്റെ ലോകോത്തരമായ മാതൃകയായി നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം വളരാനുള്ള പ്രാഥമിക രൂപരേഖ അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിൽ ഉയരും

Leave a Reply

Your email address will not be published. Required fields are marked *