Your Image Description Your Image Description

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വിവിധ വകുപ്പുകളിലെ ആയ (AYAH) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം മൂന്ന് ഒഴിവുകളാണ് ഉള്ളത്. പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 16 ഡിസംബർ 2024 മുതൽ 15 ജനുവരി 2025 വരെയാണ് അപേക്ഷ നൽകേണ്ടത്.

‘ആയ’ തസ്തികയിൽ തിരുവനന്തപുരത്ത് രണ്ടും കൊല്ലത്ത് ഒരു ഒഴിവുമാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 രൂപ മുതൽ 50,200 രൂപ വരെയാണ് ശമ്പളം ലഭിക്കുക. ആയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസും ഉയർന്ന പ്രായപരിധി 36 വയസുമാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

അംഗീകൃത സ്ഥാപനത്തിൽ നിന്നും ഏഴാം ക്ലാസ് പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബിരുദം നേടിയവർ ആകരുത്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ ‘കുട്ടികളുടെ ആയ’ (AYAH for Children) ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധമാണ്.

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി) ഔദ്യോഗിക വെബസൈറ്റായ www.keralapsc.gov.in പുറത്തുവിട്ട വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും വായിച്ച ശേഷം അപേക്ഷ നൽകാം. അപേക്ഷ ഒരിക്കൽ സമർപ്പിച്ചതിന് ശേഷം പിന്നീട് അതിൽ മാറ്റം വരുത്താനോ, തെറ്റുകൾ തിരുത്താനോ കഴിയില്ല. അതിനാൽ വളരെ ശ്രദ്ധയോടെ വേണം അപേക്ഷ പൂർത്തിയാക്കാൻ.

കേരള സർക്കാർ വകുപ്പുകളിൽ ജോലി ഒഴിവുകളിലേക്ക് അപേക്ഷ നൽകി കഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം നൽകണം. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രമാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. പരീക്ഷാ തീയതിക്ക് 15 ദിവസം മുൻപ് വരെ സ്ഥിരീകരണം നൽകാൻ സമയം ലഭിക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?
പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
ഹോം പേജിൽ കാണുന്ന ‘റിക്രൂട്ട്മെന്റ് / കരിയർ / പരസ്യം’ എന്നതിൽ ‘ആയ ജോബ് നോട്ടിഫിക്കേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് കാണുന്ന ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.
ഇനി താഴെയുള്ള ‘ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക്’ എന്നത് തിരഞ്ഞെടുക്കുക.
ആവശ്യമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിപ്പിച്ചു നൽകിയ ശേഷം, അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യുക.
നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഒന്നുകൂടി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *