Your Image Description Your Image Description

ഹൈദരാബാദ്: നടൻ അല്ലു അർജു​ന്റെ ജാമ്യ വ്യവസ്ഥകളിൽ ഇളവനുവദിച്ച് കോടതി. ഡിസംബര്‍ 4ന് ‘പുഷ്പ 2’ പ്രീമിയർ ഷോയ്ക്കിടെ യുവതി കൊല്ലപ്പെട്ട കേസിലാണ് അല്ലു അര്‍ജുന്‍റെ ജാമ്യ വ്യവസ്ഥകളിൽ കോടതി ഇളവ് അനുവദിച്ചത്. എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്നും വിദേശ യാത്രകൾ അനുവദിക്കില്ലെന്നുമുള്ള വ്യവസ്ഥകളാണ് കോടതി ഒഴിവാക്കിയത്.

ആവശ്യാനുസരണം ചിക്കാട്‌പള്ളി പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ച ശേഷം വിദേശയാത്ര നടത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്.

ഓരോ യാത്രയുടെയും യാത്രാ ഷെഡ്യൂൾ എസ്എച്ച്ഒയെ അറിയിക്കാനും കുറ്റപത്രം സമർപ്പിക്കുന്നത് വരെ ഏത് വിദേശ രാജ്യത്തായാലും താമസിക്കുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങൾ നൽകാനും അല്ലുവിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള ജാമ്യ വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് ജനുവരി 10 ലെ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് താരം നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ തീരുമാനം.
ജനുവരി 3 ന് അല്ലു അർജുന് റെഗുലർ ജാമ്യം അനുവദിച്ചപ്പോൾ, രണ്ട് മാസത്തേക്ക് എല്ലാ ഞായറാഴ്ചയും രാവിലെ 10 നും ഉച്ചയ്ക്ക് 1 നും ഇടയിൽ അല്ലെങ്കിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. വിദേശ യാത്രയും വിലക്കിയിരുന്നു.

കൂടാതെ, അന്വേഷണവുമായി സഹകരിക്കാനും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഇടപെടുന്നതിൽ നിന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും കോടതി അല്ലുവിനോട് നിർദ്ദേശിച്ചിരുന്നു.

ഡിസംബർ 13ന് അല്ലു അർജുൻ കേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നാലാഴ്ചത്തെ ഇടക്കാല ജാമ്യം തെലങ്കാന ഹൈക്കോടതി അനുവദിച്ചിരുന്നു. അടുത്തിടെ ‘പുഷ്പ 2’ പ്രീമിയറിനിടെ ഡിസംബര്‍ 4ന് യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതി എന്ന യുവതിയുടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ മകനെ അല്ലു സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *