Your Image Description Your Image Description

ആലപ്പുഴ : അതിദരിദ്രരില്ലാത്ത ബ്ലോക്ക് പഞ്ചായത്തായി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്. ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം വി പ്രിയ വെളിയനാട് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ അതിദരിദ്രമുക്ത പ്രഖ്യാപനം നടത്തി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 34 അതിദരിദ്രരാണ് ഉണ്ടായിരുന്നത് ഇവരില്‍ അഞ്ചു പേര്‍ മരണപ്പെട്ടു. മൂന്നു പേരെ തുടര്‍ന്നുള്ള സേവനം ആവശ്യമില്ലാത്തതിനാല്‍ ഒഴിവാക്കി. തുടര്‍ന്ന് 26 പേരാണ് നിലവില്‍ സേവനം ആവശ്യമുള്ളവരായി അവശേഷിച്ചിരുന്നത്.

അതിദരിദ്രരെ കണ്ടെത്താന്‍ അതിതീവ്ര പരിപാടിയാണ് വെളിയനാട് ബ്ലോക്കില്‍ ഉള്‍പ്പെട്ട മുട്ടാര്‍, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, നീലംപേരൂര്‍, കാവാലം പഞ്ചായത്തുകള്‍ നടത്തിയത്. പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യം എന്നിവയില്‍ പിന്നില്‍ നില്‍ക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്ത് പാര്‍പ്പിടവും ഭക്ഷണവും മരുന്നും നല്‍കി ദാരിദ്ര്യമുക്തമാക്കുകയായിരുന്നു. പ്രഖ്യാപനച്ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബീനാ ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ
സബിത രാജേഷ്, ആശാ ദാസ്, അഡ്വ. പ്രീതി സജി, അംഗങ്ങളായ സരിത സന്തോഷ്, സൗമ്യ സനല്‍, സന്ധ്യാ സുരേഷ്, സി വി രാജീവ്, ബിഡിഒ ബിന്‍സി മോള്‍ വര്‍ഗീസ്, ജോയിന്റ് ബിഡിഒ അജിത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *