Your Image Description Your Image Description

കോഴിക്കോട്: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവാവ് യാത്രാമദ്ധ്യേ വാഹന ഉടമയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപയുടെ ബൈക്ക് കവർന്നു. സംഭവത്തിൽ ഇപ്പോൾ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് നടക്കാവ് പോലീസ്. അത്തോളി മൊടക്കല്ലൂർ വടക്കേടത്ത് ഷിജിൻ ലാലിനെ (32) യാണ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ 29ന് രാത്രി 9 മണിയോടെയാണ് കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ നിന്നും പ്രതി തലക്കുളത്തൂരിലേക്ക് പോകാനായി ലിഫ്റ്റ് ചോദിക്കുന്നു. യുവാവ് ലിഫ്റ്റ് നൽകിയശേഷം ഇരുവരും യാത്ര തുടരുന്നതിനിടെ വെസ്റ്റ്ഹില്ലിൽ എത്തിയപ്പോൾ പ്രതിയായ ഷിജിൻ ലാൽ യുവാവിനെ ഭീഷണിപ്പെടുത്തി ആളില്ലാത്ത സ്ഥലത്തു വെച്ച് ബൈക്കുമായി കടന്നു കളയുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടക്കാവ് എസ്ഐമാരായ ലീല വേലായുധൻ, ബിനു മോഹൻ തുടങ്ങിയവർ നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. വടകര, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അത്തോളിയിലെ രഹസ്യ കേന്ദ്രത്തിൽ ഉള്ളതായി വിവരം ലഭിച്ചതും അറസ്റ്റ് ചെയ്യുന്നതും. മറ്റ് പല കേസുകളിലെ പ്രതികൂടിയാണ് നിലവിൽ പിടിയിലായ ഷിജിൻ ലാലെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ എസ്ഐ സാബു നാഥ്, എഎസ്ഐ എം.വി.ശ്രീകാന്ത് എന്നിവരും ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *