Your Image Description Your Image Description

ബീഹാർ: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. നർഗാതിഗഞ്ച്-മുസാഫർപൂർ റെയിൽവേ സെക്ഷനിൽ മാൻസയിലെ റോയൽ സ്കൂളിന് സമീപം മൊബൈലിൽ ഗെയിം കളിക്കുന്നതിനിടെയാണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യമുണ്ടായത്. ഫുക്റാൻ അലം, മനീഷ് തോള, സമീർ അലം എന്നിവരാണ് മരിച്ചത്.

മൂവരും ഇയർഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. ഇതാണ് അപകടത്തിനും മരണത്തിനും ഇടയാക്കിയത്. അപകടത്തെ സംബന്ധിച്ച് റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായശേഷം ഇക്കാര്യത്തിൽ റെയിൽവേയുടെ പ്രതികരണം ഉണ്ടാകും.

അപകടത്തിന് പിന്നാലെ റെയിൽവേ പൊലീസിലെ സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ദീപ് സംഭവസ്ഥലം സന്ദർശിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ട്രാക്കിലിരുന്ന് മൊബൈലിൽ ഗെയിം കളിക്കുന്നതും പാട്ട് കേൾക്കുന്നതുമെല്ലാം ഒഴിവാക്കണമെന്നും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് ശ്രദ്ധ വേണമെന്നും റെയിൽവേയും വ്യക്തമാക്കി.

അപകടത്തെ തുടർന്ന് നിരവധിപ്പേർ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി കുടുംബാംഗങ്ങൾ അവരവരുടെ ഗ്രാമങ്ങളിലേക്ക് കൊണ്ടു പോയി.

Leave a Reply

Your email address will not be published. Required fields are marked *