Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ ടെക്സ്റ്റൈൽ ഷോപ്പിലെ തീപിടുത്തം നിയന്ത്രിക്കാനാകാത്തതിൽ ആശങ്ക. സമീപത്തെ കടകളിലേക്കും തീ പടർന്നതിനെത്തുടർന്ന് കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നിരിക്കുകയാണ്. തീപിടിത്തമുണ്ടായിട്ട് നാല് മണിക്കൂറിലേറെയായിട്ടും തീ അണയ്ക്കാൻ കഴിയാത്തതിനാൽ മലബാറിലെ മുഴുവൻ അഗ്നിരക്ഷാ യൂണിറ്റുകളോടും കോഴിക്കോട്ടേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്‌പി ടി.നാരായണൻ പറഞ്ഞു. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. അശാസ്ത്രീയമായും അനധികൃതമായും നിർമ്മിച്ച കെട്ടിടമാണിതെന്നാണ് നാട്ടുകാർ പറയുന്നത്.

അവധിക്കാലമായതിനാൽ സ്കൂൾ വിദ്യാർ‌ഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളംതീർന്ന അഗ്നിരക്ഷാ യൂണിറ്റുകൾ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കലക്ടർ സ്ഥലത്തെത്തി. സമീപ ജില്ലകളിൽ നിന്നും അഗ്നിരക്ഷാ യൂണിറ്റുകൾ‌ എത്തുന്നുണ്ട്. താഴെയുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്.

ബസ് സ്റ്റാൻഡിലെ ബസുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. പ്രദേശത്താകെ പുക പടർന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗതത്തിന് പൊലീസ് ന‌ിയന്ത്രണമേർപ്പെടുത്തി. ബസ്‌സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സമീപത്തെ മുഴുവൻ കടകളിലുമുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *