Your Image Description Your Image Description

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ആധുനിക സന്ദേശങ്ങളുടെ പ്രസക്തി അനാവരണം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതുതലമുറ ഗുരുവിന്റെ വാക്യങ്ങളും സ്വപ്നങ്ങളും യാഥാർഥ്യമാക്കണമെന്നും യുവാക്കളെ ഒന്നിച്ചുനിർത്തിയാൽ മാത്രമേ അത് സാധ്യമാവുകയുള്ളുവെന്നും കെ സുധാകരൻ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഗുരുദേവനെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നില്ലേയെന്ന് ചോദിച്ച കെ സുധാകരൻ ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും വ്യക്തമാക്കി. ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് നടന്ന യുവജന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുധാകരന്റെ വാക്കുകൾ ഇങ്ങനെ…
1888 മാര്‍ച്ച് മാസത്തില്‍ ശിവരാത്രി നാളില്‍ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് അടിച്ചമര്‍ത്തിയവര്‍ക്ക് ഉയര്‍ത്തെഴുന്നേൽക്കാനുള്ള ആദ്യത്തെ കാഹളമായിരുന്നു. നെയ്യാറിലെ ശങ്കരന്‍കുഴിയില്‍നിന്നു മുങ്ങിയെടുത്ത വലിയ കല്ലാണ് അദ്ദേഹം ശിവപ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ക്ക് സ്വത്വബോധം നൽകാന്‍ അദ്ദേഹം നടത്തിയ വിപ്ലവകരമായ നടപടിയായിരുന്നു അത്. ബ്രാഹ്മണൻ അല്ലാത്ത ഒരാൾക്ക് ദൈവപ്രതിഷ്ഠ നടത്താമെന്ന് ഗുരുദേവൻ തെളിയിച്ചു. സവര്‍ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ഗുരുദേവൻ നടത്തിയത്. പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്നാണ് ​ഗുരു പറഞ്ഞത്. മനോഹരമായ ശിൽപ്പമോ പൂജാരിയോ ഒന്നുമില്ലാതെ ആർക്കും ദൈവത്തെ പൂജിക്കാമെന്ന സങ്കൽപ്പമാണ് ​ഗുരു കൊണ്ടു വന്നത്. ചരിത്രപരമായ നടപടിയായിരുന്നു അത്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തതാണ് അദ്ദേഹത്തിന്റെ മറ്റൊരു വിപ്ലവകരമായ നടപടി. ഇതും അധഃസ്ഥിതരുടെ മാത്രമല്ല, എല്ലാ മതങ്ങളിലും ജാതികളിലുമുള്ള അവശരുടെയും ബലഹീനരുടെയും സ്വത്വബോധത്തെ തട്ടിയുണര്‍ത്തി.

ജന്മം കൊണ്ടു ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിര്‍ണയം എന്നീ കൃതികളില്‍ ​ഗുരു അദ്ദേഹത്തിന്റെ ജാതി സങ്കല്‍പം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടെയും സാരം ഒന്നു തന്നെയാണ്. അതുകൊണ്ട് മതം പലതല്ല, ഒന്നാണെന്നാണ് ​ഗുരു അനുശാസിച്ചത്. തന്റെ മതദര്‍ശനത്തെ ‘ഏകമതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മറ്റാരും ഇങ്ങനെ പഠിപ്പിച്ചട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മഹാ​ഗുരുവായി കാണുന്നത്. ശിവഗിരി തീര്‍ഥയാത്രയുടെ ഉദ്ദേശ്യങ്ങളായി എട്ടുകാര്യങ്ങളില്‍ ആദ്യത്തേതു തന്നെ വിദ്യാഭ്യാസമായിരുന്നു. സാക്ഷരതയില്‍ മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസത്തിലും സെക്കന്‍ഡറി വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും കേരളം മറ്റനേകം സംസ്ഥാനങ്ങള്‍ക്ക് ഇന്നും മാതൃകയാണ്.

മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ആഹ്വാനവും യുവജനങ്ങളെ ഉദ്ദേശിച്ചാണ്. കറുപ്പ്, കഞ്ചാവ്, പുകയില തുടങ്ങിയവയെല്ലാം മദ്യത്തിന്റെ ഗണത്തില്‍പ്പെടുന്നവയാകയാല്‍ ഇവയെല്ലാം ബുദ്ധി – മനോവ്യാപാരങ്ങളെ തകര്‍ക്കുന്നവയാണ്. മദ്യമുണ്ടാക്കുന്നവന്‍ ദുര്‍ഗന്ധമുള്ളവനായിരിക്കും. അതിനാല്‍ അവന്റെ വസ്ത്രവും ഭവനവും ദുര്‍ഗന്ധമുള്ളതായിരിക്കും. അവന്‍ തൊടുന്നതെല്ലാം നാറും. മദ്യപാനിയെ അവന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും മക്കളും ഈശ്വരന്‍ പോലും വെറുക്കുന്നു. അതിനാല്‍ ആരും മദ്യപിക്കരുതെന്നും ഗുരുദേവന്‍ കൽപിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *