Your Image Description Your Image Description

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അഞ്ച് വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിക്കാൻ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പ്രത്യേക നിർദ്ദേശം നൽകി. ഈ സംഘം നിശ്ചിത തീയതികളിൽ യോഗം ചേർന്ന് അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കണം. പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആദ്യ യോഗതീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പള്ളിയിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ചേർത്തല ഭാഗത്തുനിന്നു വരുന്ന വണ്ടി പാർക്ക് ചെയ്യേണ്ടത് പി.എച്ച്.സി. യുടെ പടിഞ്ഞാറുള്ള വലിയ ഗ്രൗണ്ടിനുള്ളിലും ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന വണ്ടി പാർക്ക് ചെയ്യേണ്ടത് വടക്കുവശമുള്ള സെന്റ് ജോർജ് പള്ളിയുടെ പള്ളി സജ്ജീകരിക്കുന്ന പാർക്കിങ് ഗ്രൗണ്ടിലുമായിരിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. ബസ് കയറി തിരിഞ്ഞിപോകാനുള്ള സൗകര്യം ഈ രണ്ടു സ്ഥലത്തും ഒരുക്കും.

ചേർത്തല നിന്നും ആലപ്പുഴ നിന്നും കെഎസ്ആർടിസി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ബസ് സർവീസുകൾ നടത്തും. ഇത്തവണ 20 സർവീസ് നടക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ദേവാലയത്തിലെ തിരുനാൾ സമയത്ത് ആവശ്യമായ പെട്രോളിങ് ഷാഡോ എക്സൈസ് സംവിധാനം എന്നിവ എക്സൈസ് വകുപ്പ് 24 മണിക്കൂറും സജ്ജമാക്കുമെന്ന് അറിയിച്ചു.മദ്യം, മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയുന്നതിന് പൊലീസും എക്സൈസ് വിഭാഗവും സംയുക്ത സ്ക്വാഡ് പരിശോധന നടത്തും. കടകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി കഴിഞ്ഞ തവണ പരാതി ഉയർന്ന പശ്ചാത്തലത്തിൽ എക്സൈസ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് യോഗം നിർദ്ദേശിച്ചു.

തിരുനാൾ ദിവസങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള വെള്ളത്തിൻറെ ലഭ്യത വാട്ടർ അതോറിറ്റി ഉറപ്പാക്കണം എന്ന് മന്ത്രി പറഞ്ഞു. എന്തെങ്കിലും കാരണവശാൽ കുടിവെള്ളം മുടങ്ങിയാൽ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കണം.

ആരോഗ്യവകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അണുവിമുക്തമാക്കൽ, ഫോഗിങ് എന്നിവ എല്ലാ ദിവസവും സംഘടിപ്പിക്കും. ആംബുലൻസ് ഉൾപ്പടെയുള്ളവ ക്രമീകരിക്കും. പ്രധാന ദിവസങ്ങളിൽ അടിയന്തിര ആരോഗ്യ ശിശ്രൂഷയ്ക്ക് പ്രത്യേക സംഘത്തെ ഏർപ്പെടുത്തും.

ജനത്തിരക്ക് വർധിക്കുമെന്നതിനനുസരിച്ച് ഫയർ ആൻഡ് സേഫ്ടി, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് എന്നിവർ പരിശോധന കാര്യക്ഷമമാക്കണം. താൽക്കാലിക കടകളിലെ ഇലക്ട്രിക് സർക്യൂട്ടിൻറെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി പി.പ്രസാദ് നിർദേശിച്ചു.
പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് 280 പോലീസുകാരെ വിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ചേർത്തല ഡിവൈ.എസ്.പി പറഞ്ഞു. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയുന്നതിന് മഫ്ടി പോലീസിനെ പ്രത്യേകമായി നിയോഗിക്കും. ബീച്ചിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. ഇവിടെ പ്രത്യേക പരിശീലനം ലഭിച്ച വാളണ്ടിയേഴ്സിന്റെ സഹായം ഫയർ ആൻഡ് റസ്ക്യൂവുമായി ചേർന്ന് സജ്ജമാക്കുമെന്ന് പൊലീസ് അറിയിച്ചു.

പുതുതായി സ്ഥാപിച്ച രണ്ട് ട്രാൻസ് ഫോർമറുകൾ പത്താം തിയതിക്ക് മുമ്പ് ചാർജ് ചെയ്യുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ നടപടി എടുക്കും.

കടകളിലെ ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ളവയുടെ പരിശോധന നടത്തും. ലീഗൽ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലുകൾ, കടകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും.
സ്ട്രീറ്റ് ലൈറ്റുകളും മെയിന്റനൻസും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന്
ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. പുതിയ ലൈറ്റുകൾ 22 വാർഡിലും സ്ഥാപിച്ചു.കഴിഞ്ഞ വർഷം സ്ഥാപിച്ച ലൈറ്റുകളുടെ മെയിന്റനൻസ് വർക്കും തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് തീരദേശ വാർഡുകളിൽ 50,000 രൂപ അധികമായി വച്ച് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്.പഞ്ചായത്തിന്റെ തീരപ്രദേശത്തുള്ള റോഡിന്റെ പണികൾ അടിയന്തിരമായി ആരംഭിച്ചതായും പ്രസിഡന്റ് അറിയിച്ചു. അർത്തുങ്കൽ ബീച്ചിലെ അടഞ്ഞുകിടന്ന ശൗചാലയത്തിന്റെ പ്രവർത്തം അംരംഭിച്ചിട്ടുണ്ട്.വിശ്രമ കേന്ദ്രവും പ്രവർത്തന സജ്ജമാക്കും. ശുചിത്വം ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് ഹരിത കർമ സേനയെ ഉപയോഗിച്ചും തിരുന്നാൾ കമ്മറ്റിയുമായി ചേർന്നും നടപടികൾ സ്വീകരിക്കും.

മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ,ചേർത്തല സൗത്ത് പഞ്ചായത്ത് പ്രസിഡൻറ് സിനിമോൾ സാംസൺ, ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, ചേർത്തല തഹസിൽദാർ കെ.ആർ.മനോജ്, ഡിവൈ.എസ്.പി മധുബാബു, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *