Your Image Description Your Image Description

തിരുവനന്തപുരം : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകളുടെ റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു കൈമാറി. ഒക്ടോബർ പകുതിയിലും നംവംബറിലുമാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഈ കാലയളവിൽ 2408 മെഡിക്കൽ ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്.

ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ 1227 ക്യാമ്പുകളും ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ 1181 ക്യാമ്പുകളുമാണ് സംഘടിപ്പിച്ചത്. ആകെ 1,76,386 വയോജനങ്ങൾ ക്യാമ്പുകളിൽ പങ്കെടുത്തു. അതിൽ 1,04,319 സ്ത്രീകളും 72,067 പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. ക്യാമ്പുകളിൽ പങ്കെടുത്ത 23.9 ശതമാനം വയോജനങ്ങൾക്ക് പ്രമേഹവും 25.09 വയോജനങ്ങൾക്ക് രക്താതിമർദവും ഉള്ളതായി കണ്ടെത്തി. വിവിധ രോഗങ്ങൾക്ക് കൂടുതൽ ചികിത്സ ആവശ്യമുള്ള 38,694 പേരെ ഉയർന്ന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തു.

ആയുർവേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്.

ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. എം.പി. ബീന, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഭാരതീയ ചികിത്സാ വകുപ്പ് ജോ. ഡയറക്ടർ ഡോ. സലജ കുമാരി, ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് പ്രിൻസിപ്പൽ ആന്റ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി.കെ. വിജയൻ, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ. ജയനാരായണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *