Your Image Description Your Image Description

തിരുവനന്തപുരം : നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിയ കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങളുമായി മുന്നേറുകയാണ്. കെ സ്മാർട്ടിലൂടെ ഓഫീസ് സമയം പുനർനിർണയിക്കപ്പെട്ടു. നടപടികൾക്ക് സുതാര്യതയും വേഗവും കൈവരിച്ചു. ഏപ്രിൽ മുതൽ കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ കെ സ്മാർട്ടിന്റെ പൈലറ്റ് റൺ ജനുവരി 1ന് തുടങ്ങുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സിവിൽ രജിസ്‌ട്രേഷൻ, പ്രോപ്പർട്ടി ടാക്‌സ്, റൂൾ എൻജിനോടു കൂടിയ ബിൽഡിംഗ് പെർമിറ്റ്, പബ്ലിക് ഗ്രീവൻസ്, മീറ്റിംഗ് മാനേജ്മെന്റ്, ബിസിനസ് ഫെസിലിറ്റേഷൻ, വാടക/പാട്ടം, പ്രൊഫഷണൽ ടാക്‌സ്, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്‌ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെന്റ്, സേവന പെൻഷൻ, ഡിജിറ്റൽ ഫയൽ മാനേജ്‌മെന്റ്‌, കോൺഫിഗറേഷൻ മൊഡ്യൂൾ, നോ യുവർ ലാൻഡ്, മൊബൈൽ ആപ്പ് എന്നീ സേവങ്ങളോടെയാണ് കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്നത്. പഞ്ചായത്തുകളിൽ കൂടി കെ സ്മാർട്ട് വിന്യസിക്കുന്നതോടെ ഇ ഗവേണൻസിൽ വിപ്ലവകരമായ കുതിപ്പ് സംസ്ഥാനത്തിനുണ്ടാകും. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പൊതുജനങ്ങൾക്ക് ഏളുപ്പത്തിൽ സേവനം നൽകുക എന്നതിനൊപ്പം, ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്കാകാനും കെ സ്മാർട്ടിന് കഴിയുമെന്നു മന്ത്രി പറഞ്ഞു.

കേരളം സ്മാർട്ടായ ഒരു വർഷം

2024 ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട്ടിലൂടെ നഗരസഭകളിൽ ഇന്നലെ വൈകിട്ട് 5 മണി വരെ 27.7 ലക്ഷം ഫയലുകളാണ് കൈകാര്യം ചെയ്തത്. 22.8 ലക്ഷം ഫയലുകൾ തീർപ്പാക്കി. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങൾക്ക് അറിയാനും കെ സ്മാർട്ടിൽ സൗകര്യമുണ്ട്. അപേക്ഷിക്കുന്ന സമയത്ത് തന്നെ അപേക്ഷകന് ആവശ്യമായ രേഖകൾ എന്തെല്ലാം എന്ന് സോഫ്റ്റ്‌വെയർ വിവരം നൽകുന്നതിനാൽ കൃത്യമായ വിവരങ്ങൾ ഉൾകൊള്ളിച്ച് അപേക്ഷ സമർപ്പിക്കാനാകും. ജോലി സമയത്തിന് ശേഷവും അവധി ദിവസത്തിലും ഉൾപ്പെടെ നഗരസഭകളിൽ നിന്ന് സേവനം ലഭ്യമാകുന്നുവെന്നത് സന്തോഷകരമായ മാറ്റമാണ്. കെ സ്മാർട്ടിലൂടെ പൊതുജനങ്ങൾക്ക് മികച്ച സേവനമൊരുക്കിയ എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

കെ സ്മാർട്ടിലൂടെ. അവധി ദിവസങ്ങളിൽ1.5 ലക്ഷം ഫയലുകൾ തീർപ്പാക്കി. 7.25 ലക്ഷം ഫയലുകളാണ് ഓഫീസ് സമയം കഴിഞ്ഞ ശേഷം തീർപ്പാക്കിയത്. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി 6.45 മിനുട്ടിൽ നൽകിയ ജനന സർട്ടിഫിക്കറ്റ്, തിരുവനന്തപുരം നഗരസഭ 8.54 മിനുട്ടിൽ നൽകിയ മരണ സർട്ടിഫിക്കറ്റ്, ഗുരുവായൂർ മുൻസിപ്പാലിറ്റി 23.56 മിനുട്ടിൽ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവയാണ് റെക്കോഡ് വേഗത്തിൽ കെ സ്മാർട്ടിലൂടെ നൽകിയ സർട്ടിഫിക്കറ്റുകൾ. 5 ലക്ഷത്തോളം ഫയലുകളിന്മേൽ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ സേവനം നൽകിയിട്ടുണ്ട്. വീഡിയോ കെ വൈ സി വഴി 15,487 വിവാഹ രജിസ്‌ട്രേഷനുകളും നടന്നു. കെ സ്മാർട്ട് മുഖേന നഗരസഭകളിലേക്ക് ഈ വർഷം 1759 കോടി രൂപ ലഭിച്ചതായി മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *