Your Image Description Your Image Description

മലപ്പുറം: കോവിഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തിയ ആശുപത്രിക്കും ഡോക്ടറിനും 5 ലക്ഷം രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ .

ഊർങ്ങാട്ടിരിയിലെ കക്കാടംപൊയിൽ മാടമ്പിള്ളിക്കുന്നേൽ സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ട‌ർക്കും എതിരേ നൽകിയ പരാതിയിലാണ് വിധി.2021 മേയ് 26-ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ഭർത്താവിനോടൊപ്പമെത്തി ആശുപത്രിയിൽ ചികിത്സതേടിയത്. ഉടൻതന്നെ ആന്റിജൻ ടെസ്റ്റ് നടത്തി. ഫലം ഇൻഡിറ്റർമിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടൻതന്നെ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നൂവെങ്കിലും പരാതിക്കാരിയെ അറിയിച്ചില്ല. അതിതീവ്രപരിചരണ വാർഡിൽ പ്രവേശിപ്പിച്ചു. മൂന്നാം ദിവസം ഭർത്താവിനെക്കാണാൻ അവസരം ഉണ്ടായപ്പോഴാണ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് പരാതിക്കാരി അറിയുന്നത്. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം ഡിസ്‌ചാർജ് വാങ്ങി മടങ്ങി. രണ്ടാഴ്ചചയ്ക്കുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പരിശോധനയിൽ കിഡ്‌നി സംബന്ധമായ അസുഖമാണെന്നും അതിന്റെ ലക്ഷണമാണ് ഡോക്‌ടർ കോവിഡ് ലക്ഷണമായി കണക്കാക്കിയതെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം.കോവിഡ് രോഗലക്ഷണങ്ങൾ പരാതിക്കാരിക്ക് ഉണ്ടായിരുന്നുവെന്നും മരുന്നുകൾ നൽകിയത് കോവിഡ് പ്രോട്ടോകോൾ പാലിച്ചാണെന്നും കോവിഡ് പരിശോധനാഫലം സംശയകരമാണെങ്കിൽ നിശ്ചിത ഇടവേളയ്ക്കുശേഷം ആർ.ടി.പി.സി.ആർ. ടെസ്റ്റ് ആവർത്തിക്കണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്ത‌തെന്നും ഡോക്‌ടറും ആശുപത്രിയും കമ്മിഷനെ ബോധിപ്പിച്ചു. എന്നാൽ നടത്തിയ പരിശോധനകളിൽ ഒന്നും പരാതികാരിക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചില്ലെന്നും മാരകമായ കോവിഡ് രോഗാവസ്ഥയിലുള്ള ഒരാൾക്കുമാത്രം നൽകാൻ നിർദേശിച്ചിട്ടുള്ള മരുന്ന് പരാതിക്കാരിക്ക് നൽകിയതിന് യാതൊരു നീതീകരണവുമില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.

കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രോട്ടോക്കോളിൻ്റെയും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച പ്രോട്ടോകോളിന്റെയും ലംഘനമാണ് ആശുപത്രിയിൽ നടന്നത്. ഈ സാഹചര്യത്തിലാണ് പരാതിക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25,000 രൂപയും നൽകുന്നതിന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *