Your Image Description Your Image Description

ലോകത്തിൽ തുടർച്ചയായി പ്രവർത്തിക്കുന്ന ഏറ്റവും പഴക്കമുള്ള ഒരേയൊരു കമ്പനിയെ ഉള്ളു. അത് ജപ്പാനിലാണ്. ഇത്രയും പഴക്കമുള്ള മറ്റൊരു സ്ഥാപനമോ ഭരണകൂടമോ പോലും ആർക്കും അവകാശപ്പെടാനില്ല. കോങ്കോ ഗുമി എന്നാണ് ആ ബിസിനസ് സ്ഥാപനത്തിന്റെ പേര്. ജപ്പാനിൽ നിന്നുള്ള ഒരു കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കമ്പനിയാണ് കോങ്കോ ഗുമി. എഡി 578 -ൽ സ്ഥാപിതമായ ഇത് കോങ്കോ കുടുംബത്തിലെ 40 തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു വന്നതാണ്. ക്ഷേത്ര നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനി ജപ്പാന്‍റെ വാസ്തുവിദ്യാ ചരിത്രം രൂപപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

കമ്പനിയുടെ ഏറ്റവും പ്രശസ്തമായ പ്രോജക്റ്റ് ഒസാക്കയിൽ നിർമ്മിച്ച ജപ്പാനിലെ ആദ്യത്തെ ബുദ്ധക്ഷേത്രമായ ഷിറ്റെനോ-ജിയാണ്. അക്കാലത്ത്, ബുദ്ധമതം ജപ്പാനിൽ തുടക്കം കുറിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. നൂറ്റാണ്ടുകളായി തുടരുന്ന വളർച്ചയിൽ കോങ്കോ ഗുമിയുടെ വൈദഗ്ദ്ധ്യം ക്ഷേത്രങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചു. 1583-ൽ ഒസാക്ക കാസിൽ പണിയാൻ കമ്പനിയെ ചുമതലപ്പെടുത്തി. തീയും മിന്നലും മൂലം കോട്ട ഒന്നിലധികം തവണ തകർന്നുപോയിട്ടും അത് പുനർ നിർമ്മിച്ച കോങ്കോ ഗുമി അതോടെ ബിസിനസ്സിൽ ശക്തരായി.

രണ്ടാം ലോകമഹായുദ്ധ സമയത്തും ബുദ്ധമതത്തിന്‍റെ തകർച്ചയിലും കമ്പനി വെല്ലുവിളികൾ നേരിട്ടുവെങ്കിലും ആ കാലഘട്ടത്തെയും അതിജീവിക്കാൻ കമ്പനിക്കായി. അന്ന് ശവപ്പെട്ടികളുടെ നിർമാണം ഉൾപ്പെടെയുള്ള സേവനങ്ങളിലൂടെ കമ്പനി തങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കി. 2006 -ൽ, കോംഗോ ഗുമി തകമാത്സു കൺസ്ട്രക്ഷൻ ഗ്രൂപ്പിന്‍റെ ഒരു ഉപസ്ഥാപനമായി മാറി. എന്നിരുന്നാലും, നൂറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത പാരമ്പര്യത്തിന്‍റെ കരുത്തിൽ ഇന്നും കമ്പനി സജീവമായി തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് കോങ്കോ ഗുമിയിൽ കോങ്കോ കുടുംബത്തിലെ ഒരാള്‍ മാത്രമേ അംഗമായി ഉള്ളൂ. കമ്പനിയുടെ 41 -മത്തെ തലവനായ ഇദ്ദേഹം പഴയ പാരമ്പര്യം ഇന്നും അതേപടി നിലനിർത്തുന്നു. നിർമ്മാണ പ്രവർത്തികൾക്കായി കമ്പനി ഇപ്പോഴും അടിസ്ഥാനമാക്കിയിരിക്കുന്നത് തങ്ങളുടെ പുരാതന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *