Your Image Description Your Image Description

തെൽ അവീവ്: മേഖലയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ സൈന്യത്തിൽ വൻ കൊഴിഞ്ഞുപോക്കെന്ന് റിപ്പോർട്ട്. ഏതാനും മാസങ്ങൾക്കിടെ 500ലേറെ സൈനികർ ഐഡിഎഫ് സേവനം ഉപേക്ഷിച്ചതായി റിപ്പോർട്ട് ചെയ്തു. മേജർ പദവിയിലുള്ള സൈനികരാണ് ഇവരെല്ലാം.

2024ന്റെ മധ്യത്തിൽ ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഉയർന്ന റാങ്കിലുള്ള സൈനികർ വൻ തോതിൽ സൈനിക സേവനം ഉപേക്ഷിച്ചത്. 2022ൽ 613 മേജർമാരാണ് ഐഡിഎഫ് വിട്ടത്. 2023 ഒക്ടോബറിൽ ഗസ്സയിൽ ആക്രമണം ആരംഭിച്ച ശേഷം കൊഴിഞ്ഞുപോക്ക് കുറഞ്ഞിരുന്നു. എന്നാൽ, യുദ്ധം മാസങ്ങൾ നീണ്ടതോടെ സൈനിക സേവനം ഉപേക്ഷിക്കുന്നവരുടെ എണ്ണം വീണ്ടും ഉയർന്നിരിക്കുകയാണ്. 2025ൽ ഇതിലും കൂടുതൽ പേർ സൈന്യം വിടുമെന്നാണ് കരുതുന്നത്.

മാസങ്ങളായി യുദ്ധഭൂമിയിൽ കഴിയുന്നതിലെ മാനസികസംഘർഷവും ശാരീരിക യാതനകളുമാണു സൈനികരുടെ കൊഴിഞ്ഞുപോക്കിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ, റിസർവ് സൈനികർക്ക് പൊതു അംഗീകാരവും ആകർഷകമായ സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇതിനു പുറമെ ഇവരുടെ കുടുംബങ്ങൾക്കും സർക്കാർ പ്രത്യേക സഹായങ്ങളും സേവനങ്ങളും നൽകുന്നു. എന്നാൽ, സ്ഥിരാംഗങ്ങൾക്ക് നിർണിതമായ ശമ്പളം മാത്രമാണു യുദ്ധകാലത്തും ലഭിക്കുന്നതെന്ന് ഐഡിഎഫ് വിട്ട സൈനികർ പറയുന്നു.

സമാന സാഹചര്യങ്ങളിലാണ് റിസർവ് അംഗങ്ങളും സ്ഥിരാംഗങ്ങളും സൈനിക സേവനത്തിലുള്ളത്. സ്ഥിരം സൈനികർക്ക് കൂടുതൽ സമയവും കടുത്ത യുദ്ധമേഖലകളിലും പണിയെടുക്കേണ്ടിവരുന്നുണ്ട്. എന്നാൽ, റിസർവുകൾക്ക് ബോണസുകൾ അടക്കം 50,000 ഷെകൽ(ഏകദേശം 11.62 ലക്ഷം രൂപ) വരെ ലഭിക്കുമ്പോൾ ഐഡിഎഫിലെ സ്ഥിരാംഗങ്ങളുടെ ശമ്പളത്തിൽ കാര്യമായ മാറ്റമില്ല. അർഹിക്കുന്ന ആനുകൂല്യങ്ങളും നഷ്ടപരിഹാരത്തുകയും ലഭിക്കുന്നില്ലെന്നും ഇവർ പരാതിയായി പറയുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *