Your Image Description Your Image Description

അഡ്ലെയ്ഡ്: ബോർഡർ-ഗാവസ്കർ പരമ്പരയിൽ മോശം തുടക്കവുമായി ഇന്ത്യ. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ 445 റൺസിന് പുറത്ത്. ഏഴു വിക്കറ്റ് നഷ്ട‌ത്തിൽ 405 റൺസുമായി മത്സരത്തിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 117.1 ഓവറിൽ 445 റൺസിനിന് എല്ലാവരും പുറത്തായി. ഇന്ന് 40 റൺസ് കൂട്ടിച്ചേർത്തപ്പോഴാണ് ഓസീസിന് ശേഷിച്ച മൂന്നു വിക്കറ്റുകളും നഷ്‌ടമായത് 88 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 70 റൺസ് നേടിയ അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക് (30 പന്തിൽ 18), നേഥൻ ലയോൺ (30 പന്തിൽ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഓസീസിന് നഷ്ടമായത്.

ഇന്ത്യയ്ക്കായി 28 ഓവറിൽ 76 റൺസ് വഴങ്ങി ജസ്പ്രീത് ബുംറ ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും നിധീഷ് കുമാർ റെഡ്ഡി, ആകാശ്‌ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. 22 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. യശ്വസി ജയ്സ്വാൾ (നാല്), ശുഭ്‌മാൻ ഗിൽ ( ഒന്ന്) വിരാട് കോലി (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട‌മായത്.

രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴിന് 405 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ ഹെഡ് (152) സ്റ്റീവൻ സ്‌മിത്ത് (101) എന്നിവരുടെ പ്രകടനമാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. മഴകാരണം ആദ്യദിനം 13.2 ഓവർമാത്രമേ കളി നടന്നിരുന്നുള്ളൂ. വിക്കറ്റ് നഷ്ടമില്ലാതെ 28 എന്നനിലയിൽ ഞായറാഴ്ച്‌ച ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയക്ക് നാലാം ഓവറിൽത്തന്നെ ആദ്യവിക്കറ്റ് നഷ്ട‌മായി. ബുംറയുടെ പന്തിൽ ഉസ്‌മാൻ ഖവാജ (21) ഋഷഭ് പന്തിന് ക്യാച്ച് നൽകി. തൻ്റെ അടുത്ത ഓവറിൽ നഥാൻ മക്സ്വീനിയെയും (9) ബുംറ പുറത്താക്കിയതോടെ ഓസീസ് രണ്ടിന് 38. ആദ്യ സെഷൻ തീരുംമുൻപ് മാർനസ് ലെബൂഷെയ‌ (12) നിധീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ വിരാട് കോലി ക്യാച്ചെടുക്കുകയും ചെയ്തതോടെ കളിയിൽ ഇന്ത്യയുടെ പിടിവീണതാണ്.

വിക്കറ്റ് നേടാനായില്ലെങ്കിലും ബുംറയ്ക്കൊപ്പം ആകാശ് ദീപും ഓസീസ് ബാറ്റർമാരിൽ സമ്മർദംചെലുത്തി. മുഹമ്മദ് സിറാജും ആദ്യ സെഷനിൽ മികച്ചുനിന്നു. ഇതിനു തുടർച്ചയുണ്ടാക്കാൻ പിന്നീടെത്തിയ നിധീഷ് കുമാർ റെഡ്ഡിക്കും രവീന്ദ്ര ജഡേജയ്ക്കും കഴിഞ്ഞില്ല. പന്ത് പഴകുകയും നിധീഷ്-ജഡേജ സഖ്യത്തിന് മൂർച്ച കുറയുകയുംചെയ്‌ത സാഹചര്യം മുതലാക്കി മുന്നേറിയ ഹെഡ്-സ്‌മിത്ത് സഖ്യം നാലാംവിക്കറ്റിൽ 241 റൺസ് ചേർത്തു.

പുതിയ പന്തെടുത്ത് രണ്ടാം ഓവറിൽത്തന്നെ ബുംറ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ഏറെ വൈകിയിരുന്നു. 190 പന്തിൽ 101 റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് ആദ്യം പുറത്തായത്. രണ്ട് ഓവറിനുശേഷം മിച്ചൽ മാർഷ് (5), ട്രാവിസ് ഹെഡ് എന്നിവരെ ഒരേ ഓവറിൽ ബുംറ പുറത്താക്കി. 160 പന്തിൽ 18 ഫോർ ഉൾപ്പെടെ 152 റൺസെടുത്ത ഹെഡിനെ ഋഷഭ് പന്ത് ക്യാച്ചെക്കുകയായിരുന്നു. ആറിന് 327 എന്നനിലയിലായ ഓസീസിനുവേണ്ടി അലക്സ് കാരിയും ഉറച്ചുനിന്നതോടെ മികച്ച ടോട്ടലിലേക്ക് എത്തി. 20 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസിനെ മുഹമ്മദ് സിറാജിന്റെ പന്തിൽ പന്ത് ക്യാച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *