Your Image Description Your Image Description

നിരവധി താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വർഷമായിരുന്നു 2024. ഈ വർഷം മാതാപിതാക്കളായ സെലിബ്രിറ്റികളെയെയും അവരുടെ കുട്ടി താരങ്ങളെയും പരിചയപ്പെടാം.

വിരുഷ്കയുടെ ‘അകായ്’

ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും 2024 ഫെബ്രുവരി 15-ന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റു. അകായ് എന്നാണ് മകൻറെ പേര്. സാമൂഹ്യമാധ്യമങ്ങളിലൂടെ കോലി തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. 2013ൽ ഒരു ടെലിവിഷൻ പരസ്യത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് അനുഷ്‌ക ശർമ്മയും വിരാട് കോലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017ൽ ഇറ്റലിയിൽ വെച്ച് ഇരുവരും വിവാഹിതരായി. 2021 ജനുവരിയിലാണ് ദമ്പതികൾ തങ്ങളുടെ ആദ്യത്തെ മകളായ വാമികയെ വരവേറ്റത്. വാമിക പിറന്നത് മുതൽ കരിയറിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക. മക്കളെ ലൈം ലൈറ്റിലേക്ക് കൊണ്ട് വരാൻ രണ്ട് പേരും ആ​ഗ്രഹിക്കുന്നില്ലെന്നും ഇരുവരും പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

ദീപ്‌വീറിൻറെ ‘ദുവാ’

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും 2024 സെപ്തംബർ ഏഴിനാണ് മകൾ പിറന്നത്. ദുവ പദുകോൺ സിങ് എന്നാണ് കുഞ്ഞിന്റെ പേര്.’ ദുവ എന്നാൽ പ്രാർഥന എന്നാണർഥം. കാരണം ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമാണ് അവൾ. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു’- ഇൻസ്റ്റഗ്രാമിൽ താരദമ്പതികൾ കുറിച്ചു. 38 വയസിലാണ് ദീപിക അമ്മയായത്. ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തിൽ 2018 നവംബർ 14-നാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്.

പേളിഷിൻറെ ‘നിതാര’

മലയാളത്തിൻറെ പ്രിയപ്പെട്ട താരദമ്പതികളായ പേളിക്കും ശ്രീനിഷിനും 2024 ജനുവരി 13-നാണ് രണ്ടാമത്തെ മകൾ പിറന്നത്. “ഞങ്ങൾ വീണ്ടുമൊരു പെൺകു‍ഞ്ഞിനാൽ അനു​ഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി”- എന്നാണ് സന്തോഷം പങ്കുവച്ച് ശ്രീനിഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിതാര ശ്രീനിഷ് എന്നാണ് മകളുടെ പേര്. 2019ൽ ആയിരുന്നു പേളിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം നടന്നത്. നില എന്നാണ് ആദ്യ കുഞ്ഞിൻറെ പേര്.

അമല പോളിൻറെ ഇളയ്

2024 ജൂണിലാണ് നടി അമല പോളിന് ആൺ കുഞ്ഞ് പിറന്നത്. അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് ഇൻസ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. ഇളയ് എന്നാണ് മകൻറെ പേര്. 2023 നവംബർ ആദ്യ വാരമായിരുന്നു അമല പോളിൻറെ വിവാഹം നടന്നത്. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭർത്താവ്.

യാമി ഗൗതമിൻറെ ‘വേദവിദ്’

നടി യാമി ഗൗതമിനും ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ ആദിത്യ ധറിനും ആദ്യ കുഞ്ഞ് പിറന്നതും 2024 ആയിരുന്നു. മെയ് 20ന്, ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ഒരു മനോഹരമായ കുറിപ്പോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വേദവിദ് എന്നാണ് കുഞ്ഞിന് താര ദമ്പതികൾ പേരിട്ടിരിക്കുന്നത് .

റിച്ച ഛദ്ദ-അലി ഫസൽ മകൾ സുനൈറ ഐഡ

2024 ജൂലൈ 16-നാണ് സെലിബ്രിറ്റി കപ്പിളായ റിച്ച ഛദ്ദയും അലി ഫസലും മാതാപിതാക്കളായത്. “16.07.24 ന് ഞങ്ങൾക്ക് ആരോഗ്യമുള്ള ഒരു പെൺകുഞ്ഞ് പിറന്നു. ഞങ്ങളുടെ കുടുംബങ്ങൾ വളരെ സന്തോഷത്തിലാണ്, ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും ഞങ്ങൾ നന്ദി പറയുന്നു” – സംയുക്ത പ്രസ്താവനയിൽ റിച്ച ഛദ്ദയും അലി ഫസലും പറയുന്നു. സുനൈറ ഐഡ ഫസൽ എന്നാണ് മകളുടെ പേര്.

വരുൺ‌ ധവാൻ- നടാഷ മകൾ ലാറ

ബോളിവുഡ് നടൻ വരുൺ ധവാനും ഈ വർഷം അച്ഛനായി. ലാറ എന്നാണ് മകളുടെ പേര്. 2021 ലാണ് വരുണും നടാഷ ദലാലും വിവാഹിതരായത്.

മാളവിക കൃഷ്ണദാസിൻറെ ഗുൽസു

2024 നവംബറിലാണ് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരജോഡികളായ മാളവിക കൃഷ്ണദാസിനും തേജസ് ജ്യോതിക്കും ആദ്യത്തെ കൺമണി പിറന്നത്. രുത്വി എന്നാണ് മകളുടെ പേരെന്നും ഇരുവരും യൂട്യൂബ് വ്‌ളോഗിലൂടെ അറിയിച്ചു. ഗുൽസു എന്നാണ് മകളെ വീട്ടിൽ വിളിക്കുന്നതെന്നും മാളവിക വീഡിയോയിൽ പറഞ്ഞു.

രാധിക ആപ്‌തെ

2024 ഡിസംബറിലാണ് നടി രാധിക ആപ്‌തെയ്ക്കും ബെനഡിക്ട് ടെയ്ലർക്കും കുഞ്ഞ് പിറന്നത്. കുഞ്ഞുണ്ടായതിനുശേഷമുള്ള ആദ്യത്തെ വർക്ക് മീറ്റിങ് എന്ന അടിക്കുറിപ്പോടെ രാധിക ഇപ്പോഴിതാ ഒരു ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ലാപ്‌ടോപ്പിന് മുമ്പിൽ കുഞ്ഞിന് മുലയൂട്ടിക്കൊണ്ടാണ് നടി ഇരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *