Your Image Description Your Image Description
Your Image Alt Text

ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കണമെന്നും അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കണമെന്നും എന്‍.കെ അക്ബര്‍ എം എല്‍ എയാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. ചാവക്കാട് താലൂക്കാശുപത്രിയില്‍ വനിതാ ഗൈനകോളജിസ്റ്റ് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കണമെന്നും എം എല്‍ എ പറഞ്ഞു.

ജി.എച്ച്.എസ് മണത്തല, ജി.എം.എം.എച്ച്.എസ് വടക്കാഞ്ചേരി എന്നി വിദ്യാലയങ്ങളിലെ കെട്ടിട നിര്‍മ്മാണം ജനുവരി നാലാം വാരത്തില്‍ ആരംഭിക്കും. ചാവക്കാട് നഗരസഭ വാര്‍ഡ് 23 ലെ 92 നമ്പര്‍ അംഗന്‍വാടി കെട്ടിടം പുനര്‍ നിര്‍മ്മിക്കുന്നതിന് തുടര്‍ നടപടിക്കള്‍ക്കായി മത്സ്യബന്ധന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വടക്കാഞ്ചേരി മണ്ഡലത്തിലെ അംബേദ്കര്‍ കോളനി ദത്തെടുക്കലുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ പട്ടികജാതി ഓഫീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും റവന്യൂ വകുപ്പ് എന്‍ ഒ സി വേഗത്തില്‍ നല്‍കണമെന്നും എം എല്‍ എ പറഞ്ഞു. പ്രശ്‌നപരിഹാരം വേഗത്തിലാക്കാന്‍ എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടറെ യോഗത്തില്‍ ചുമതലപ്പെടുത്തി. അവണൂര്‍ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ അദാലത്ത് നടത്തും.

പുതുക്കാട് നിയോജക മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോടാലി – വെള്ളിക്കുളങ്ങര റോഡുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ.കെ രാമചന്ദ്രന്‍ എം എല്‍ എ ആവശ്യപ്പെട്ടു. സര്‍വേ നടപടികള്‍ അടുത്ത മാസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി, എം എല്‍ എ മാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തിവികസന ഫണ്ട്, എംപി എല്‍ എ ഡി എസ് ഫണ്ട് തുടങ്ങിയവ ചര്‍ച്ച ചെയ്തു. എം എല്‍ എ മാരായ എന്‍.കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ കെ രാമചന്ദ്രന്‍, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പ്രതിനിധി പ്രസാദ്, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി കെ അജിത്ത് കുമാര്‍, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖ്, പ്ലാനിംഗ് ഓഫീസര്‍ മായ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *