Your Image Description Your Image Description

 

 

വയനാട്: ഉരുൾപൊട്ടൽ ദുരിതത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. ദൗത്യമേഖലയിൽ ഇന്ന് ഐബോഡ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് നീക്കം. തിരച്ചിലിനായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കും. മൃതദേഹങ്ങൾ ഉഴുകിയെത്തിയ ചാലിയാർപുഴയിലും , പുഴയുടെ വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തും. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത് . ഉരുൾപൊട്ടലിൽ മരണസംഖ്യ 354 ആയി. ദുരന്തമേഖലയിലേക്ക് ഔദ്യോഗികമായി രജിസ്ട്രർ ചെയ്ത രക്ഷാപ്രവർത്തകർക്ക് മാത്രമാണ് ഇന്നു മുതൽ പ്രവേശനം അനുവദിക്കുക. (wayanad landslide search in chaliyar river and forest)

ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനമൊരുക്കിയിട്ടുണ്ട്. കൽപ്പറ്റയിലെ കളക്ടറേറ്റാണ് ബേസ് സ്റ്റേഷൻ. മുന്നറിയിപ്പിനെ തുടർന്ന് ബന്ധു വീടുകളിലേക്ക് മാറിയവരുടെ കണക്കെടുക്കുമെന്ന് കളക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ റഡാർ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് നടക്കുക. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് നീക്കം.

 

ദുരന്തബാധിത മേഖലയിൽ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൃത്യമായി കണ്ട്രോൾ റൂമിലെത്തിക്കണമെന്നും അധികൃതർ സന്നദ്ധ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമിലോ ഏൽപിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു.

ചൂരൽമല , മുണ്ടക്കൈ പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *