Your Image Description Your Image Description

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രണക്കേസിലെ മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാൻ ആദ്യം രക്ഷപ്പെട്ടത് ദുബായിലേക്കെന്ന് പൊലീസ്. അവിടെ നിന്നും ഭാര്യക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. തിരിച്ച് കാണ്മണ്ഡുവിലിറങ്ങി റോഡ് മാർഗം ഡൽഹിയിലെത്തി. കൊച്ചിയിലും കണ്ണൂരും കറങ്ങിയ ശേഷം വീണ്ടും ഡൽഹിയിലെത്തി. കാണ്മണ്ഡുവിലേക്ക് പോകാനായി ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാള്‍ പൊലീസിന്‍റെ പിടിയിലാകുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവായ കഴക്കൂട്ടം സ്വദേശി സുഹൈൽ ഷാജഹാനെയാണ് ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് എമിഗ്രഷൻ വിഭാഗം പിടികൂടിയത്. എകെജി സെൻ്ററിലേക്ക് ബോംബെറിയാനായി പദ്ധതി തയ്യാറാക്കുന്നത് യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവും, കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍റെ അടുത്ത അനുയായിമായ സുഹൈൽ ഷാജഹാനെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ബോംബ് എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻ്റ് വി ജിതിനെ അറസ്റ്റ് ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവരുന്നത്. പണം നൽകിയും വാഹനം നൽകിയതും ഒളിവിൽ പോകാൻ സഹായിച്ചതുമെല്ലാം സുഹൈലാണെന്നാണ് ജിതിൻ്റെ മൊഴി. ജിതിനെ ഒളിവിൽ പോകാൻ സഹായിച്ച നവ്യയെയും അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാൻ ക്രൈംബ്രഞ്ചിന് കഴിഞ്ഞിരുന്നില്ല.

ഇന്നലെ വൈകുന്നേരം ഡൽഹി വിമാനത്താവളത്തിൽ നിന്നും കാണ്മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ചത്. ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ പ്രതിയെ തലസ്ഥാനത്ത് എത്തിച്ചു. സംഭവ ശേഷം ദുബായിലും അവിടെ നിന്നും ഇഗ്ലണ്ടിലേക്കും പോയെന്നാണ് സുഹൈലിന്‍റെ മൊഴി. ഇംഗ്ലണ്ടിൽ ഭാര്യയുടെ പഠന ശേഷം വീണ്ടും ദുബായിലെത്തി. കുടുംബത്തെ നാട്ടിലേക്ക് അയച്ച ശേഷം കാണ്മണ്ഡുവിൽ വന്നു. അവിടെ നിന്നും റോഡ് മാർഗം ഡൽഹിയിലും, വിമാനം മാർഗം കൊച്ചയിലും ഇറങ്ങി. കൊച്ചിയിലും കണ്ണൂരും കഴിഞ്ഞ ശേഷം വീണ്ടും ഡൽഹിയിലെത്തി കാണ്മണ്ഡുവിലേക്ക് പോകാനായി തയ്യാറാെടുക്കുമ്പോഴാണ് എമിഗ്രേഷൻ വിഭാഗം പിടികൂടുന്നത്. സുഹൈലിനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു.

മുഖ്യസൂത്രധാരനെ കൂടി പിടിയിലായ സഹാചര്യത്തിൽ വിചാരണ വൈകാതെ തുടങ്ങും. കെപിസിസി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന്‍റെ പ്രതികാരമായിരുന്നു എകെജി സെൻ്റർ ആക്രമണമെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. 2022 ജൂലൈ ഒന്നിനാണ് ആക്രണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *