Your Image Description Your Image Description

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കണമെന്ന പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. ആര്‍എംപി നേതാവ് കെഎസ് ഹരിഹരനാണ് അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്. കോഴിക്കോട് ഡിസിപി ഓഫീസില്‍ വെച്ചാണ് ഹരിഹരന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.

സംഭവം ഗുരുതരമായ സുരക്ഷ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഹരിഹരന്‍ ഡിജിപിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് കോഴിക്കോട് ഡിസിപിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഗോവ ഗവര്‍ണ്ണറുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സിപിഎം ജില്ല സെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസിനെതിരെ കേസെടുക്കാത്ത പൊലീസ് 1000 രൂപ പിഴ ഈടാക്കി സംഭവം ഒതുക്കുകയത് വിവാദമായിരുന്നു. പൊലീസുകാര്‍ തടഞ്ഞിട്ടും ബോധപൂര്‍വം വാഹനവ്യൂഹത്തിലേക്ക് കയറാന്‍ തുടര്‍ച്ചയായ ശ്രമമുണ്ടായെന്ന് അന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ജൂലിയസ് ബോധപൂര്‍വം ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്‍റെ വിലയിരുത്തല്‍. ഇതിനോടകം കിട്ടിയ സിസിടിവി ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നുണ്ട് എന്നാണ് പോലീസിന്‍റെ വാദം. ജൂലിയസിന്‍റെ പ്രവർത്തി കൊണ്ട് ഗവർണറുടെ യാത്ര വൈകുകയോ വാഹന വ്യൂഹത്തിന് തടസം നേരിടുകയോ ചെയ്തിട്ടില്ല. പൊലീസ് നിർദ്ദേശം പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മോട്ടോർ വാഹന നിയമം 179 പ്രകാരം ജൂലിയസിന് 1000 രൂപ പിഴയിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *