Your Image Description Your Image Description

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലം ഒഴിയാനും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുമുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രാഹുൽ ഗാന്ധിയുടെ പഴയ പ്രസംഗത്തിൻ്റെ വീഡിയോ പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തീരുമാനത്തെ പരിഹസിച്ചപ്പോൾ, നാണമില്ലായ്മയെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. വയനാട്ടിൽ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ബലിയാടാക്കിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും കുറ്റപ്പെടുത്തി.

രാഹുൽ വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്നാണ് അദ്ദേഹത്തിൻ്റെ ‘ബൈ ബൈ, ടാറ്റ, ഗുഡ്ബൈ’ പ്രസംഗം പങ്കുവെച്ച് കെ സുധാകരൻ വിമര്‍ശിച്ചത്. നാണമില്ലായ്മ എന്നൊന്നുണ്ട്. എന്നാൽ കോൺഗ്രസിൻ്റെ നാണമില്ലായ്മ അതൊന്നു വേറെ തന്നെയെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. സ്വന്തം കുടുംബത്തിലെ ഓരോരുത്തരെയായി ഉളുപ്പില്ലാതെ വയനാട്ടിലെ വോട്ടർമാരിൽ അടിച്ചേൽപ്പിക്കുന്നത്, വല്ലാത്ത ഒരേർപ്പാടാണ്. മറ്റൊരു മണ്ഡലത്തിൽ നിന്ന് കൂടി താൻ മത്സരിക്കുമെന്ന വസ്തുത നാണമില്ലാതെ മറച്ചുവച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത്. രാഹുൽ ഗാന്ധിക്കു കീഴിൽ കോൺഗ്രസ് മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണവും ഇത്തരം വഞ്ചനകളാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

രാഹുൽ നേരത്തെ അമേഠിയെ ഉപേക്ഷിച്ചയാളാണെന്നും രണ്ട് തവണ വയനാട്ടിൽ വിജയിച്ചിട്ടും റായ്ബറേലിയിൽ തുടരാനാണ് രാഹുലിന്റെ തീരുമാനമെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവാകുമോയെന്ന് പോലും രാഹുൽ ഗാന്ധി തീരുമാനമെടുത്തിട്ടില്ലെന്നും അമിത് മാളവ്യ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *