Your Image Description Your Image Description

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. നേരത്തെ തന്നെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഡിസംബര്‍ 6 ആയിരിക്കും പുഷ്പ 2വിന്‍റെ റിലീസ് തീയതി.

നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കം പ്രശ്നങ്ങളാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. “2024 ലെ സ്വാതന്ത്ര്യ ദിന വാരാന്ത്യത്തിൽ റിലീസ് പ്രഖ്യാപിച്ചതിനാല്‍ ഷൂട്ട് പൂർത്തിയാക്കാനും എഡിറ്റ് ലോക്ക് ചെയ്യാനും നിർമ്മാതാക്കൾ കഠിനമായ പ്രയത്നത്തിലായിരുന്നു. ഇത് പുഷ്പ2 റിലീസ് വൈകിപ്പിക്കും എന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെയാണ് റിലീസ് തീയതി നീട്ടാന്‍ തീരുമാനിച്ചത്, പുതിയ തീയതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു” – എന്നാണ് ചിത്രവുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് പിങ്ക്വില്ല നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പുഷ്പ: ദി റൈസ് 2021 ഡിസംബർ 17-നാണ് റിലീസ് ചെയ്‌തത്. ഈ ചിത്രം പാന്‍ഡമിക് കാലഘട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരുന്നു. അടുത്തിടെ ആദ്യഭാഗത്തിന്‍റെ എഡിറ്റാറായ റൂബന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. തിരക്കേറിയ എഡിറ്ററായ റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു എന്നാണ് വിവരം. ‘പുഷ്പ: ദി റൈസ്’ വിജയത്തില്‍ റൂബന്‍റെ എ‍ഡിറ്റിംഗ് നിർണായകമായതിനാൽ അദ്ദേഹത്തിന്‍റെ പിന്‍മാറല്‍ പുഷ്പ ടീമിന് തിരിച്ചടിയായി എന്നാണ് വിവരം.

പക്ഷെ അത്തരം സാധ്യതയിലേക്കാണ് ചിത്രം നീങ്ങുന്നത് എന്ന വ്യക്തമായ സൂചനയാണ് തെലുങ്ക് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇതിനകം തീയറ്റര്‍ റൈറ്റ്സുകളും, ഒടിടി, ഓഡിയോ വില്‍പ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയില്‍ 200 കോടിയുടെ വിതരണ കരാര്‍ ചിത്രത്തിന് ലഭിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *