Your Image Description Your Image Description

വേനലിൽ കൈ പൊള്ളിച്ച് ഇളനീർ വില ഉയരുന്നു.ഇളനീരിന് ഇപ്പോൾ വില 60 രൂപ വരെയായി. തേങ്ങവില കൂടിയതാണ് പ്രധാന കാരണം. ഇതിനൊപ്പം വേനൽച്ചൂടിൽ ഇളനീർ വില്പന വർദ്ധിച്ചതും പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി. മാസങ്ങൾക്ക് മുമ്പ് 35 മുതൽ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോൾ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്.മാസങ്ങളായി നാളികേര വില ഉയർന്നു നിൽക്കുകയാണ്. ഇത്തവണ ഉത്പാദനം കുറഞ്ഞതാണ് കാരണം. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമം നേരിടുന്നതായി കച്ചവടക്കാർ പറയുന്നു.

വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങ വില കിലോയ്ക്ക് 75 രൂപ വരെയെത്തിയിരുന്നു. തമിഴ്നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരവ് കുറവാണ്. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, അട്ടപ്പാടി ഭാഗങ്ങളിൽ നിന്നാണ് കൂടുതലായി ഇളനീർ എത്തുന്നത്. പൊള്ളാച്ചിയിൽനിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. കുരങ്ങുശല്യം കാരണം നാട്ടിൻപുറത്തും ഇളനീരും തേങ്ങയും കിട്ടാനില്ല. വേനൽച്ചൂട് കൂടുന്നതോടെ കച്ചവടവും കൂടും. വേനൽക്കാല അസുഖങ്ങൾ കൂടിയതും കൂടുതൽ പേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. രണ്ടു മാസം കൂടി ചൂട് തുടരുമെന്നതിനാൽ ഇളനീർ വില ഉടനൊന്നും കുറയാൻ സാദ്ധ്യതയില്ലെന്നും കച്ചവടക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *