യുഎഇയിൽ ഡിജിറ്റൽ ഭിക്ഷാടനത്തിനെതിരെ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ.2024ൽ മാത്രം അത്തരം 1200ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെന്ന് അധികൃതർ വെളിപ്പെടുത്തി.റമസാൻ, പെരുന്നാൾ അവധി ദിവസങ്ങളിൽ ഓൺലൈൻ ഭിക്ഷാടനം വർധിക്കാനിടയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. വ്യക്തിഗതവിവരങ്ങളോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകളോ ആരുമായും പങ്കുവയ്ക്കരുതെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി ഓർമിപ്പിച്ചു.
കെട്ടിച്ചമച്ച കഥകൾ, ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആൾമാറാട്ടം തുടങ്ങിയ ചതികളിൽ വീണുപോകരുതെന്നു പറഞ്ഞ അദ്ദേഹം അത്തരം തട്ടിപ്പ് ശൃംഖലകൾ തകർക്കുന്നതിനും സൈബർ കുറ്റവാളികളെ പിടികൂടുന്നതിനും കൗൺസിൽ നിയമപാലകരുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.